ധനികനാവാന്‍ പിതാവ് കുഞ്ഞിനെ കൊന്നു 

മംഗളൂരു-സമ്പത്തും ഐശ്വര്യവുമുണ്ടാകാന്‍ ഒരു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലെ ബുച്ചനാഹള്ളി കവാലില്‍ നടന്ന സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് മഞ്ജുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുഞ്ഞ് ഇല്ലാതായാല്‍ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്ന ജോത്സ്യന്റെ  നിര്‍ദേശമനുസരിച്ചാണ് മഞ്ജുനാഥ് കുഞ്ഞിനെ കൊലപെടുത്തിയത്. 
മെയ് മാസത്തിലാണ് മഞ്ജുനാഥിനും ഭാര്യ സുപ്രീതയ്ക്കും കുഞ്ഞ് ജനിച്ചത്. നിഹാരിക എന്നാണ് അവര്‍ കുഞ്ഞിന് പേരിട്ടത്. ഇളയ സഹോദരങ്ങളെപ്പോലെ തനിക്കും പെണ്‍കുഞ്ഞ് ജനിച്ചതില്‍ വളരെ അസ്വസ്ഥനായിരുന്ന മഞ്ജുനാഥ് ഇതിന്റെ  പേരില്‍ നിരന്തരം സുപ്രീതയോട് വഴക്കിട്ടിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി സുപ്രീത അടുക്കളയിലാണെന്ന് ഉറപ്പിച്ച ശേഷമാണ് ഇയാള്‍ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. മൂക്കില്‍ നിന്നും ചോരയൊലിക്കുന്ന നിലയില്‍ കുട്ടിയെ കണ്ട സുപ്രിയ ഉടന്‍ തന്നെ മഞ്ജുനാഥിനെ ഇവരം അറിയിച്ചു. എന്നാല്‍, സുഖമില്ലെന്ന് പറഞ്ഞ് ഇയാള്‍ ഉറക്കം നടിച്ച് കിടന്നു. തുടര്‍ന്ന്, കുഞ്ഞിന്റെ  മരണത്തില്‍ അസ്വഭാവികത തോന്നിയ സുപ്രീത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ആദ്യമൊക്കെ പൊലീസില്‍ പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും മഞ്ജുനാഥ് വിലക്കുകയായിരുന്നുവെന്നും സുപ്രീതയുടെ മൊഴിയില്‍ പറയുന്നു. 
സുപ്രീത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ജുനാഥിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Latest News