Sorry, you need to enable JavaScript to visit this website.

വരൾച്ച രൂക്ഷം; തമിഴ്‌നാടിന് കേരളം ജലം നൽകും 

ചെന്നൈ - കനത്ത വരൾച്ച നേരിടുന്ന തമിഴ്‌നാട്, 20 ലക്ഷം ലിറ്റർ വെള്ളം നൽകാമെന്ന കേരളത്തിന്റെ വാഗ്ദാനം സ്വീകരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം എടുത്തത്.
'ഞങ്ങൾ കേരളത്തിൽ നിന്ന് വെള്ളം സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് നന്ദി. ഒരു ദിവസം രണ്ട് മില്യൺ ലിറ്റർ വെള്ളം നൽകുകയെന്നത് വലിയ കാര്യമാണ്. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ടും സഹകരിക്കണം. ഡാമുമായി ബന്ധപ്പെട്ട് കേരള സർക്കാർ മുടന്തൻ ന്യായങ്ങളാണ് പറയുന്നത്. തമിഴ്‌നാടിനെ സംബന്ധിച്ച് ഓരോ തുള്ളി വെള്ളവും അമൂല്യമാണ്. ഇവിടെ കനത്ത വരൾച്ചയാണ്' -എടപ്പാടി പളനിസ്വാമി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് പിണറായി വിജയൻ 20 ലക്ഷം ലിറ്റർ വെള്ളം ട്രെയിൻ മാർഗം നൽകാമെന്ന് അറിയിച്ചപ്പോൾ ഇപ്പോൾ സഹായം വേണ്ട എന്നായിരുന്നു തമിഴ്‌നാട് സർക്കാർ കൈക്കൊണ്ട നിലപാട്.
അതേസമയം പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. തമിഴ്‌നാട് സർക്കാരിനോട് കേരളത്തിന്റെ വാഗ്ദാനത്തെ സ്വീകരിക്കാനും സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ സഹായം സ്വീകരിക്കാത്തതിൽ ജനങ്ങളും രോഷാകുലരായിരുന്നു. 
ജലക്ഷാമം രൂക്ഷമായ ചെന്നൈയിൽ ജനങ്ങൾ ഒരു തുള്ളി വെള്ളത്തിനായി അലയുകയാണ്. ജലക്ഷാമം രൂക്ഷമായതേടെ ഹോട്ടലുകൾ പൂട്ടുകയും ജനങ്ങൾ താമസം മാറുകയും നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുകയും സ്‌കൂളുകൾ പ്രവൃത്തി സമയം കുറയ്ക്കുകയും ചെയ്തു.
196 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വ്യാഴാഴ്ച ചെന്നൈ നഗരത്തിൽ മഴ പെയ്‌തെങ്കിലും അത് ഒന്നിനും ഒരു പരിഹാരമല്ല. കഴിഞ്ഞ രണ്ട് വർഷവും മഴയിലുണ്ടായ ലഭ്യത കുറവാണ് ഈ വരൾച്ചയ്ക്ക് കാരണം. ചെന്നൈ ഉൾപ്പെടെയുള്ള 24 ജില്ലകളിലാണ് വരൾച്ച രൂക്ഷമായിരിക്കുന്നത്. ഭൂഗർഭ ജലനിരപ്പ് ആശങ്കാജനകമാംവിധം താഴ്ന്നതിനാൽ കുഴൽകിണറുകൾ വറ്റി. ഭൂഗർഭ ജലനിരപ്പ് നഗര മേഖലയിൽ 15 അടി വരെയാണ് താഴ്ന്നത്.
നൂറുകണക്കിന് ആളുകൾ താമസിക്കുന്ന ഫഌറ്റിൽ കഴിഞ്ഞ മാസം വെള്ളത്തിനു വേണ്ടി മാത്രം ചെലവാക്കിയത് രണ്ടര ലക്ഷം രൂപയാണ്. ജലക്ഷാമം രൂക്ഷമായതോടെ മെട്രോ വാട്ടർ ടാങ്കറുകളുടെ വരവിനായി കാത്തിരിക്കുകയാണ് ജനങ്ങൾ. നിർമാണ മേഖലയിലെ 60 ശതമാനം ജോലികൾ നിർത്തി. കുഴൽ കിണറുകളെ ആശ്രയിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ചെറുകിട ഇടത്തരം നിർമാണ കമ്പനികളെല്ലാം പണി നിർത്തി. വൻകിട നിർമാണ കമ്പനികൾ പൊന്നുംവിലയ്ക്കു വെള്ളം വാങ്ങി നിർമാണം തുടരുന്നു. നിർമാണ ബജറ്റിൽ നേരത്തെ വെള്ളത്തിനു നീക്കിവെയ്ക്കുന്നത് 2% ആയിരുന്നെങ്കിൽ അത് ഇരട്ടിയായി.
ജലക്ഷാമം രൂക്ഷമായത്  ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിച്ചു. 
രണ്ട് ദിവസം കൂടി കഴിഞ്ഞാൽ സംസ്ഥാനത്ത് മഴ ശക്തമാവും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. 
 

Latest News