അബഹ - അനധികൃത താമസക്കാരായ പത്തു പേരെ ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യയിൽനിന്ന് പടിഞ്ഞാറൻ സൗദിയിലെത്തിക്കാൻ ശ്രമിച്ച സൗദി പൗരനെ മുജാഹിദീൻ സുരക്ഷാ സേന പിടികൂടി. ചെക്ക് പോസ്റ്റുകൾ ഒഴിവാക്കുന്നതിന് വിജനമായ മരുഭൂപ്രദേശങ്ങളിലൂടെയാണ് സൗദി പൗരൻ പിക്കപ്പിൽ നിയമ ലംഘകരെ കടത്താൻ ശ്രമിച്ചത്. അൽഹുറൈദക്കു കിഴക്ക് മരുഭൂപാതകളിൽ പരിശോധന നടത്തുന്നതിനിടെയാണ് സംശയകരമായ സാഹചര്യത്തിൽ സൗദി പൗരന്റെ പിക്കപ്പ് സുരക്ഷാ സൈനികരുടെ ശ്രദ്ധയിൽ പെട്ടതെന്ന് അസീർ പ്രവിശ്യ ശാഖ മുജാഹിദീൻ സുരക്ഷാ സേനാ വക്താവ് സഈദ് ആലുമുരീഹ് പറഞ്ഞു.
സുരക്ഷാ സൈനികരെ കണ്ടതോടെ സൗദി പൗരൻ വാഹനവുമായി അമിത വേഗതയിൽ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ച മുജാഹിദീൻ സുരക്ഷാ സേനാ വാഹനത്തിൽ സൗദി പൗരൻ തന്റെ പിക്കപ്പ് ഉപയോഗിച്ച് കരുതിക്കൂട്ടി കൂട്ടിയിടിക്കുന്നതിന് ശ്രമിക്കുകയും ചെയ്തു. പിക്കപ്പിന്റെ ടയറുകൾ വെടിവെച്ചു പഞ്ചറാക്കിയാണ് സൗദി പൗരനെയും നിയമ ലംഘകരെയും സുരക്ഷാ സൈനികർ പിടികൂടിയത്. എത്യോപ്യക്കാരായ ഏഴു സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ് വാഹനത്തിലുണ്ടായിരുന്നതെന്നും സഈദ് ആലുമുരീഹ് പറഞ്ഞു.