Sorry, you need to enable JavaScript to visit this website.

നട്ടെല്ലൊടിക്കുന്ന സാമ്പത്തിക പരിഷ്‌കരണങ്ങൾ

ഇക്കഴിഞ്ഞ സാമ്പത്തിക അവലോകന യോഗത്തിൽ പ്രതീക്ഷിച്ചതുപോലെ ആർബിഐ പലിശ നിരക്കുകൾ വീണ്ടും വെട്ടിക്കുറച്ചു. പലിശ നിരക്ക് 0.25 ശതമാനം കുറച്ച് 5.75 ശതമാനമാക്കി. ഫെബ്രുവരി മാസത്തിന് ശേഷം മൂന്നാം തവണയാണ് ആർബിഐ പലിശ നിരക്ക് കുറയ്ക്കുന്നത്. പണപ്പെരുപ്പത്തെ മാത്രം ആധാരമാക്കിയല്ല പലിശ നിരക്ക് കുറയ്ക്കുന്നതെന്ന് കഴിഞ്ഞ രണ്ട് യോഗങ്ങളിലും ആർബിഐ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലും മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) കുറവ് വന്നിട്ടും പലിശ നിരക്ക് കുറച്ച ആർബിഐ നടപടിയിൽ അതിശയോക്തിയില്ല. തൊഴിലില്ലായ്മ നിരക്കിലും ഗണ്യമായ വർധനയാണ് ഉണ്ടായത്. ജിഡിപി അഞ്ച് വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ രേഖപ്പെടുത്തിയത്. ജനുവരി, മാർച്ച് മാസങ്ങളിലെ പാദത്തിൽ ജിഡിപി 5.8 ശതമാനമായാണ് കുറഞ്ഞത്. വാർഷിക വളർച്ചാ നിരക്ക് 6.8 ശതമാനമായി കുറഞ്ഞു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തിനിടെയുള്ള ഏറ്റവും രൂക്ഷമായ 6.1 ശതമാനമായി വർധിച്ചു. ഇതെല്ലാം തന്നെ സർക്കാർ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ്. തങ്ങളുടെ ജോലി കൃത്യമായി നിർവഹിച്ചുവെന്ന് പലിശ നിരക്ക് കുറച്ചതിലൂടെ ആർബിഐ ഗവർണർക്ക് പറയാൻ കഴിയും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പലിശ നിരക്ക് കുറച്ചത് ഏകസ്വരത്തിലാണെന്നും ഇവർക്ക് പറയാം.
എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് കൂട്ടുന്നതിനും നിലവിലുള്ള സാമ്പത്തിക തകർച്ച കുറയ്ക്കുന്നതിനും ഈ തീരുമാനം എത്രമാത്രം ഉതകുമെന്ന് പറയാൻ കഴിയില്ല. പലിശ നിരക്ക് കുറയ്ക്കുന്നതിന്റെ അനുകൂല സ്വാധീനം സംബന്ധിച്ച് വിദഗ്ധർ വ്യത്യസ്ത അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ നടപ്പാക്കിയ പലിശ നിരക്ക് കുറയ്ക്കുന്ന നടപടിയിലൂടെ 51 അടിസ്ഥാന പോയന്റുകളിൽ 21 എണ്ണത്തെ മാത്രമേ സ്വാധീനിക്കാൻ കഴിഞ്ഞുള്ളൂ. ഇക്കാര്യം ആർബിഐ തന്നെ സമ്മതിക്കുന്നുണ്ട്.
ആർബിഐ നടപ്പാക്കിയ പരിഷ്‌കാരങ്ങൾ ബാങ്കുകൾ വായ്പ എടുത്തവർക്ക് മേൽ അടിച്ചേൽപിച്ചു. ബാങ്കിന്റെ സാമ്പത്തിക ഭദ്രത കൂടുതൽ ഞെരുക്കത്തിലാണെന്നും അതുകൊണ്ടു തന്നെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കാൻ കഴിയില്ലെന്ന നിലപാടുമാണ് ബാങ്കുകൾ സ്വീകരിച്ചത്. ബാങ്കുകളുടെ ഈ വാദഗതി ന്യായമാണ്. നെഫ്റ്റ്, ആർടിജിഎസ് എന്നിവയ്ക്കുള്ള ചാർജുകൾ ഒഴിവാക്കാനുള്ള ആർബിഐ തീരുമാനം സ്വാഗതാർഹമാണ്. ഇതിന്റെ ആനുകൂല്യങ്ങൾ ഇടപാടുകാർക്ക് ലഭ്യമാക്കാനുള്ള നടപടികൾ ബാങ്കുകൾ സ്വീകരിക്കണം.  പലിശ നിരക്ക് കുറച്ചതിനൊപ്പം ജിഡിപി കണക്കുകളും ആർബിഐ കുറച്ചു. 
2019-20 സാമ്പത്തിക വർഷത്തിൽ 7.2 ശതമാനമാണ് ജിഡിപിയെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. ഏപ്രിൽ മാസത്തിൽ നടന്ന സാമ്പത്തിക അവലോകന യോഗത്തിൽ ഏഴ് ശതമാനമായി നിജപ്പെടുത്തി. സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ ജിഡിപി 6.8 നും ഏഴിനും ഇടയിലായിരിക്കുമെന്നാണ് റിപ്പോർട്ട്. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ജിഡിപി 7.3 മുതൽ 7.4 വരെയാകുമെന്നും ആർബിഐ വിലയിരുത്തിയിരുന്നു. 2019-20 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ നിക്ഷേപത്തിന്റെ തോത് ഗണ്യമായി കുറഞ്ഞു. കയറ്റുമതി കുറയുകയും ഉപഭോക്തൃ സൂചികയിൽ കനത്ത ഇടിവ് ഉണ്ടാവുകയും ചെയ്തു. വ്യക്തിഗത ഉപഭോഗം പ്രത്യേകിച്ചും ഗ്രാമീണ മേഖലയിൽ ഗണ്യമായി കുറഞ്ഞു. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധവും നിക്ഷേപ തോത് ഗണ്യമായി കുറയുന്നതിന് കാരണമായി. മൂലധന സമാഹരണത്തിലും ഗണ്യമായ കുറവുണ്ടായി. മൂലധന സമാഹരണം 3.6 ശതമാനമായി കുറഞ്ഞു. സ്വകാര്യ ഉപഭോഗവും ഗണ്യമായി കുറഞ്ഞു.
കാർഷിക അനുബന്ധ മേഖലകളിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. റാബി വിളകളുടെ ഉൽപാദനത്തിലും ഗണ്യമായ കുറവുണ്ടായി.
ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനം 283.4 ദശലക്ഷം ടണ്ണായി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.6 ശതമാനം കുറവുണ്ടായി. റാബി വിളകളായ അരി, പയറുവർഗങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ ഉൽപാദനത്തിലാണ് കുറവുണ്ടായത്. 
പലിശ നിരക്കുകളിലെ കുറവ് ബാങ്കുകളിൽ നിന്നും വായ്പ എടുത്തിട്ടുള്ള കമ്പനികൾക്കും വ്യക്തികൾക്കുമാണ് പ്രയോജനം ലഭിക്കുന്നത്. നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറയ്ക്കാൻ അനുവദിച്ചാൽ വായ്പകളുടെ നിരക്ക് കുറയ്ക്കാൻ ബാങ്കുകൾ സന്നദ്ധമാണ്. എന്നാൽ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുന്നത് ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. അതുകൊണ്ടു തന്നെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കാൻ ബാങ്കുകൾ തയാറാകില്ല. വളർച്ചയുടെ ആധാര ഘടകങ്ങളായ വ്യക്തിഗത ഉപഭോഗം, നിക്ഷേപം, കയറ്റുമതിയിലെ കുറവ് എന്നിവയൊക്കെ കുറയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിൽ സമ്പദ്‌വ്യവസ്ഥ തകരുന്നതിന്റെ ആക്കം കുറയ്ക്കുകയെന്നത് പ്രയാസകരമായ കാര്യമാണ്. 
 

Latest News