മൃതദേഹത്തില്‍നിന്ന് മാല മോഷ്ടിച്ച ആശുപത്രി ജീവനക്കാരി പിടിയില്‍

തിരുവനന്തപുരം- മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹത്തില്‍നിന്ന് മാല മോഷ്ടിച്ച ജീവനക്കാരി പിടിയില്‍. ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരിയായ ജയലക്ഷ്മിയാണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാവിലെ മരിച്ച രാധ എന്ന യുവതിയുടെ മൃതദേഹത്തില്‍നിന്നാണ് ഒന്നര പവന്റെ മാല മോഷ്ടിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച മണക്കാട് സ്വദേശിനി രാധയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന രാധ രാവിലെ മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു മുമ്പ് മൃതദേഹം ബന്ധുക്കളെ കാണിച്ചപ്പോഴാണ്
മാല നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരം അറിയിച്ച ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.

സംശയം തോന്നി ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് 2 ജീവനക്കാരിയെ ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി മെഡിക്കല്‍ കോളേജ് എസ്.ഐ. ആര്‍.എസ്.ശ്രീകാന്ത് പറഞ്ഞു.

മൃതദേഹത്തില്‍നിന്ന് മാല മോഷ്ടിച്ച സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്ആന്റണി ഡൊമിനിക് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും മെഡിക്കല്‍ കോളേജ് സി.ഐയോടും ആവശ്യപ്പെട്ടു.  
സംഭവം തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ രാജുവാണ് കമ്മീഷനെ സമീപിച്ചത്. ആശുപത്രിക്കുള്ളില്‍നിന്ന് പണവും മൊബൈല്‍ ഫോണും ആശുപത്രി പരിസരത്ത് നിന്ന് വാഹനങ്ങളും മോഷണം പോകാറുണ്ടെന്ന് പരാതിയില്‍ പറയുന്നു.

 

 

Latest News