Sorry, you need to enable JavaScript to visit this website.

മോഷ്ടിക്കപ്പെട്ട ഫോണുകൾ അതിവേഗം കണ്ടെത്താം , സംവിധാനവുമായി കേന്ദ്ര സർക്കാർ 

ന്യൂദൽഹി - മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടാലോ കളഞ്ഞു പോയാലോ അതിവേഗം കണ്ടെത്താൻ സഹായിക്കുന്ന പുതിയ സംവിധാനവുമായി സർക്കാർ. എല്ലാ ഫോണിലും ഉള്ള ഐഎംഇഐ (ഇന്‍റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി റജിസ്റ്റര്‍) നമ്പറുകള്‍ ശേഖരിച്ചാണ് പുതിയ സംവിധാനം സർക്കാർ വികസിപ്പിക്കുന്നത്. 2017 ല്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ് കേന്ദ്ര ടെലികോം മന്ത്രാലയം ഒടുവിൽ യാഥാര്‍ത്ഥ്യമാക്കുവാന്‍ പോകുന്നത്. 

ഐഎംഇഐ നമ്പറുകള്‍ ഉള്ള ഒരു സെന്‍ട്രല്‍ എക്വിപ്മെൻറ് ഐഡ‍ന്‍ററ്റി റജിസ്റ്റര്‍ എന്ന ഡാറ്റബേസ് നടപ്പിലാക്കാനാണ് ടെലികോം മന്ത്രാലയം ആലോചിക്കുന്നത്. മൊബൈല്‍ നഷ്ടപ്പെട്ടാലോ, മോഷ്ടിക്കപ്പെട്ടാലോ പ്രത്യേക വെബ് സൈറ്റില്‍ ഐഎംഇഎ നമ്പര്‍ ഉള്‍പ്പടെ രജിസ്റ്റര്‍ ചെയ്യാം. അതുവഴി ഈ നമ്പര്‍ ബ്ലാക് ലിസ്റ്റിലാക്കുകയും ഏതെങ്കിലും മൊബൈല്‍ നെറ്റ്വര്‍ക്കില്‍ അത് വരുന്നത് അറിയാൻ സാധിക്കുകയും ചെയ്യും. 

ഫോൺ നഷ്ടപ്പെട്ടാൽ, കേന്ദ്ര ടെലികോം മന്ത്രാലയത്തെ അറിയിക്കാൻ ഒരു ഹെൽപ് ലൈൻ നമ്പറും ലഭ്യമാക്കും. വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് ടെലികോം ഡിപ്പാര്‍ട്ട്മെന്‍റ് ഐഎംഇഎ നമ്പറുകളെ പട്ടികപ്പെടുത്തുന്നത്. ഇതില്‍ നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലാക്ക് പട്ടികയില്‍ ഉള്‍പ്പെടും. 

കഴിഞ്ഞ ഇടക്കാല ബഡ്ജറ്റില്‍ 15 കോടി അനുവദിച്ച ഈ പദ്ധതി, മഹാരാഷ്ട്രയില്‍ വിജയകരമായി നടപ്പിലാക്കി എന്നാണ് ടെലികോം മന്ത്രാലയം പറയുന്നത്. അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഈ പദ്ധതി രാജ്യത്ത് നിലവില്‍ വരും.

Latest News