ആധുനിക യോഗയെ ഗ്രാമങ്ങളില്‍ എത്തിക്കും- പ്രധാനമന്ത്രി

റാഞ്ചി- യോഗയെ സാധാരണക്കാരിലെത്തിക്കുമെന്ന്  പ്രധാനമന്ത്രി നരേന്ദ്രമോഡി. റാഞ്ചിയിലെ പ്രഭാത് താരാ മൈതാനത്ത് സംഘടിപ്പിച്ച യോഗാ ദിനാചരണത്തിന്റെ ദേശീയോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആരോഗ്യം മെച്ചപ്പെടുത്താനും സന്തോഷകരമായ ജീവിതത്തിനും യോഗ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നഗരങ്ങളില്‍ സ്വീകാര്യത നേടി ആധുനിക യോഗയെ ഗ്രാമങ്ങളില്‍ എത്തിക്കാനുള്ള ശ്രമമാണ് താന്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാധാരണക്കാരുടെയും ആദിവാസികളുടെയും വീടുകളിലേക്ക് യോഗയെ എത്തിക്കണം. അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി യോഗയെ മാറ്റും. കാരണം രോഗങ്ങള്‍ക്കൊണ്ട് കൂടുതല്‍ കഷ്ടപ്പെടുന്നത് അവരാണ്- അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ യോഗാ ദിനം ആചരിക്കുന്ന എല്ലാവര്‍ക്കും പ്രധാനമന്ത്രി ആശംസ നേര്‍ന്നു.   യോഗ നമ്മുടെ സംസ്‌കാരത്തിന്റെ സുപ്രധാന ഭാഗമാണ്. യോഗാദിനത്തിന് പ്രാധാന്യം കൊടുത്ത മാധ്യമങ്ങള്‍ക്കും ഇതിന്റെ ഭാഗമായ ലോകത്തുള്ള എല്ലാവര്‍ക്കും നന്ദി പറയുന്നു. യോഗയെ എല്ലാവരും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

രോഗങ്ങളില്‍ നിന്നുള്ള സുരക്ഷയാണ് നമ്മള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. യോഗയില്‍ നിന്ന് അതിനുള്ള ശക്തി നമുക്ക് ലഭിക്കും. അതാണ് യോഗയുടെയും പ്രാചീന ഇന്ത്യയുടെ ദര്‍ശനം -പ്രധാനമന്ത്രി പറഞ്ഞു.

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്, മന്ത്രിമാര്‍ തുടങ്ങിയവര്‍ മോഡിയോടൊപ്പം യോഗാദിനാചരണത്തില്‍ പങ്കുചേര്‍ന്നു. 30,000 പേരാണ് റാഞ്ചിയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്.

 

Latest News