Sorry, you need to enable JavaScript to visit this website.

ആശ്വാസം സംഭാവന നൽകുന്നവർക്ക്

നാട്ടിലെ ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ് വാർഷികത്തിന് ധനസമാഹരണം എത്ര പ്രയാസമേറിയതാണെന്ന് അതിനൊക്കെ ഇറങ്ങുന്ന ചെറുപ്പക്കാർക്കറിയാം. സംഭാവന സംഘടനയിലൂടെ മാത്രം എന്ന ബോർഡുകൾ വ്യാപകമായതോടെ ഈ പരിപാടിയ്ക്ക് ഇറങ്ങാത്തതാണ് നല്ലതെന്നായി. എന്നാൽ അത്ര തന്നെ പ്രയാസമില്ലാതെ പണപ്പിരിവ് നടത്തുന്നവരാണ് രാഷ്ട്രീയ പാർട്ടിക്കാർ. വമ്പൻ കോർപറേറ്റുകൾ മുതൽ പെട്ടിക്കടക്കാരൻ കണാരേട്ടൻ വരെ അവർക്ക് യാതൊരു മടിയുമില്ലാതെ സംഭാവന നൽകും. 
ഏത് പാർട്ടിയായാലും പിരിവ് നൽകിയില്ലെങ്കിൽ വിവരമറിയുമെന്ന ഓലപ്പാമ്പിനെ കാട്ടിയാണ് പ്രാദേശിക തലത്തിൽ പണം സ്വരൂപിക്കുന്നത്. ശതകോടികളുടെ ആസ്തിയുള്ള വൻകിട കോർപറേറ്റുകളേയും ചില്ലറ വ്യാപാരികളേയും സന്തോഷിപ്പിക്കുന്ന ഒരു സംവാദമാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് നടക്കുന്നത്. ആശയം  പഴയതാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് തന്റെ രണ്ടാം വരവിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ശീർഷകത്തിൽ ചർച്ച തുടങ്ങിവെച്ചത്. പഞ്ചായത്ത്, നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിലേക്കായി പല ഘട്ടങ്ങളിൽ പിരിവ് നൽകേണ്ടി വരുന്നത് ഒഴിവാകുമെന്നത് മാത്രമായിരിക്കും ഇത്തരമൊരു പരിഷ്‌കാരത്തിന്റെ പ്ലസ് പോയന്റ്.  
ഒറ്റ രാഷ്ട്രം ഒറ്റ തിരഞ്ഞെടുപ്പ് എന്നത് പുതിയ കാര്യമല്ല. രണ്ട് ദശകങ്ങളായി  ആർഎസ്എസ് -ബിജെപി കൂട്ടുകെട്ട് മുന്നോട്ട് വെക്കുന്ന ആശയമാണ്. ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി, തൃണമൂൽ കോൺഗ്രസ് പ്രസിഡന്റ് മമത ബാനർജി, തെലുങ്കുദേശം പാർട്ടി മേധാവി എൻ ചന്ദ്രബാബു നായിഡു എന്നീ പ്രതിപക്ഷ കക്ഷികൾ ഇതിനെതിരെ  എതിർപ്പുമായി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. 
ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നത് വഴി തെരഞ്ഞെടുപ്പു ചെലവുകൾ കുറയ്ക്കുകയും രാഷ്ട്രീയ വിരോധം കുറക്കുകയും സ്വതന്ത്ര ഭരണം കൊണ്ടു വരികയും മാതൃക പെരുമാറ്റച്ചട്ടം കാരണം പദ്ധതികൾ നടപ്പാക്കാതെ വരികയും ചെയ്യുന്നത് ഇല്ലാതാക്കാമെന്നാണ് ബിജെപിയുടെ വാദം. 
1951നും 1967നും ഇടയിലുള്ള തെരഞ്ഞെടുപ്പ് ഒന്നിച്ചുള്ള തെരഞ്ഞെടുപ്പിനുള്ള മാതൃകയാണ്. ഇക്കാലയളവിൽ ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർണമായോ ഭാഗികമായോ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമായിരുന്നു നടന്നത്. 
1951-52 കാലഘട്ടത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ലോക്‌സഭ തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പം നടന്നു. ഒരേസമയം വോട്ടെടുപ്പ് നടന്നപ്പോൾ പോളിംഗ് 1957 ൽ 76 ശതമാനവും 1962 ൽ 67 ശതമാനവും ആയിരുന്നു. 
1970കളിൽ ഈ കൂട്ടുകെട്ട്  പൂർണമായും തകർന്നു. വീണ്ടും ചർച്ചകൾക്ക് തുടക്കമിട്ടത് വാജ്‌പേയിയാണ്.  1999 ൽ വാജ്‌പേയി ഭരണകാലത്ത് ലോക്‌സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തണമെന്നാവശ്യപ്പെട്ട് നിയമ കമ്മീഷൻ ഒരു റിപ്പോർട്ട് ശിപാർശ ചെയ്തു. കോൺഗ്രസ് അപ്പൊഴൊന്നും  വ്യക്തമായ കാഴ്ചപ്പാട് പറഞ്ഞിട്ടില്ല. എഐഎഡിഎംകെയും സമാജ്‌വാദി പാർട്ടിയും വൈ.എസ്.ആർ. കോൺഗ്രസും ഈ നിർദ്ദേശത്തെ പിന്തുണച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ബിഎസ്പി, ടിഎംസി, ടിഡിപി തുടങ്ങിയവർ തിരഞ്ഞെടുപ്പ് ഒരേ സമയം നടത്തുന്നതിനെ എതിർത്തു. 


ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധ്യതകളെ കുറിച്ച് ഒരു പഠനം നടത്താൻ 2017 ജനുവരിയിൽ പ്രധാനമന്ത്രി മോഡി നിർദ്ദേശിച്ചിരുന്നു. 
മൂന്ന് മാസത്തിനു ശേഷം വിവിധ മുഖ്യമന്ത്രിമാർക്കൊപ്പമുള്ള നീതി ആയോഗ് യോഗത്തിൽ സംസാരിക്കവെ ഒരേ സമയം ലോക്‌സഭ, സംസ്ഥാന തെരഞ്ഞെടുപ്പുകൾ നടത്താനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു. 2015 ഡിസംബറിലെ ഒരു പാർലമെന്ററി കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നാണ് മോഡിയുടെ സമ്മർദ്ദം ആരംഭിച്ചത്. അന്ന് കോൺഗ്രസിന്റെ രാജ്യസഭ എം.പിയായിരുന്ന ഇ.എം. സുദർശന നാച്ചിയപ്പനാണ് ലോക്‌സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേയ്ക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ ശുപാർശ ചെയ്തത്. 
2021 ഓടെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ രണ്ട്  ഘട്ടമായി നടത്താനുള്ള സൂചനയാണ് നീതിയ ആയോഗ് യോഗത്തിൽ മോഡി നൽകിയത്. എന്നാൽ 2019ലെ തെരഞ്ഞെടുപ്പിലും ഇത്തരത്തിൽ ഒരു മാതൃക പിന്തുടരാൻ ആലോചിച്ചു. എന്നാൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് സാധ്യമായില്ല. 
ഇലക്ഷൻ കമ്മീഷൻ തയ്യാറായിരുന്നെങ്കിലും രാഷ്ട്രീയ തലത്തിൽ നടപടി എടുക്കേണ്ടതായുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഒ.പി റാവത്ത് 2017 ഒക്ടോബറിൽ പറഞ്ഞു. 
ഒറ്റ തിരഞ്ഞെടുപ്പ് മതി എന്ന ലക്ഷ്യം മുൻ നിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ വിളിച്ചു ചേർത്ത യോഗത്തിൽ കോൺഗ്രസും പങ്കെടുത്തില്ലെന്നത് ശ്രദ്ധേയമാണ്. വിവിധ  പ്രതിപക്ഷ പാർട്ടികൾ യോഗം ബഹിഷ്‌കരിച്ചിരിക്കെയാണ് കോൺഗ്രസും യോഗത്തിൽ നിന്ന് വിട്ടുനിന്നത്. വ്യത്യസ്ത സമയങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.  പുതിയ ആശയം നടപ്പാക്കണമെങ്കിൽ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. നിയമ നിർമാണം കൊണ്ടുവരണമെന്ന് ബിജെപിക്ക് തോന്നിയാൽ തടസമില്ല. കാരണം അവർക്ക് ലോക്‌സഭയിൽ ഭൂരിപക്ഷമുണ്ട്. രാജ്യസഭയിൽ ലക്ഷ്യം നേടാനുള്ള വഴികളും ബിജെപി ഉറപ്പിച്ചു. പക്ഷേ, പ്രതിപക്ഷ കക്ഷികളിൽ ബഹുഭൂരിഭാഗവും വിട്ടുനിൽക്കുന്നത് തിരിച്ചടിയാണ്. ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന മോഡി വിളിച്ച യോഗത്തിന് വന്നിട്ടില്ല. കോൺഗ്രസ്, എസ്പി, ബിഎസ്പി, ഡിഎംകെ, ടിഡിപി, തൃണമൂൽ കോൺഗ്രസ് എന്നീ കക്ഷികളാണ് യോഗം ബഹിഷ്‌കരിച്ചത്. എഎപി അധ്യക്ഷൻ കെജ്രിവാൾ എത്തില്ലെങ്കിലും പാർട്ടി പ്രതിനിധിയെ അയച്ചു. 
വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച  സിപിഎമ്മനെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐയെ പ്രതിനിധീകരിച്ച ഡി രാജയും പങ്കെടുത്തു.  തൃണമൂൽ അധ്യക്ഷ മമതാ ബാനർജിയാണ് ആദ്യം വിയോജിപ്പ് രേഖപ്പെടുത്തിയത്. പിന്നീട് കോൺഗ്രസും സഖ്യകക്ഷികളും പ്രത്യേക യോഗം ചേർന്നു പങ്കെടുക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട യോഗമാണെങ്കിൽ പങ്കെടുക്കാമായിരുന്നുവെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. ആന്ധ്ര പ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് മോഡിയുടെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഒഡീഷ ഭരണകക്ഷിയായ ബിജെഡിയും പിന്തുണച്ചു. രാജ്യസഭയിൽ എന്തു നടക്കുമെന്ന് പിന്നീട് അറിയാം. 
തെരഞ്ഞെടുപ്പ് ചെലവുകൾ വർഷങ്ങൾ പിന്നിടുന്തോറും ഏറി വരികയാണ്. 
ഈ ചെലവുകൾ നേരിടാൻ പലപ്പോഴും സഹായകമാവാറുള്ളത് കോർപറേറ്റുകളുടെ അകമഴിഞ്ഞ സഹായമാണ്. ശതകോടീശ്വരന്മാർ പാർട്ടിയുടെ ജനപ്രതിനിധികളായുണ്ടെന്ന് പറയുന്നത് അഭിമാനബോധത്തോടെയാണ്. വൻകിട കോർപറേറ്റ് സ്ഥാപന ഉടമകൾക്ക് എല്ലാവരും ചങ്ങാതിമാരാണ്. ആരെയും സഹായിക്കാൻ സന്നദ്ധരാണ് ഇക്കൂട്ടർ. 
കോർപ്പറേറ്റുകളിൽ നിന്നും ഏറ്റവും അധികം തെരഞ്ഞെടുപ്പ് ഫണ്ട് ലഭിക്കാറുള്ളത്  ബി.ജെ.പിക്കാണ്. വലതുപക്ഷ പാർട്ടിയായ ബി.ജെ.പി വ്യവസായ പ്രമുഖരുടെ പ്രിയപ്പെട്ട കക്ഷിയാണെപ്പോഴും. വ്യവസായികളുടെയും കോർപറേറ്റ് സ്ഥാപനങ്ങളുടെയും ധനസഹായം ബി.ജെ.പിയും കോൺഗ്രസും കഴിഞ്ഞാൽ പിന്നെ ലഭിക്കാറുള്ളത് എസ്.പി, ബി.എസ്.പി, ആർ.ജെ.ഡി, വൈ.എസ്.ആർ.കോൺഗ്രസ്, ഡി.എം.കെ, ടി.ആർ.എസ് എന്നീ പാർട്ടികൾക്കാണ്.
ഏതൊക്കെ പാർട്ടികൾ നിർണ്ണായകമാകും എന്നതിനെക്കുറിച്ച് കോർപ്പറേറ്റ് കമ്പനികൾ സ്വന്തം നിലയ്ക്ക് സർവേ നടത്തുന്നുണ്ട്. അതായത് വെറുതെ ആർക്കെങ്കിലും പണം വാരിക്കോരി നൽകുകയല്ല ഇവർ ചെയ്യുന്നത്. ശേഖരിച്ച കൃത്യമായ ഡാറ്റ കൂടി പരിഗണിച്ചാണ് ഓരോ കക്ഷിയ്ക്കും പണം അനുവദിക്കുക. 
ചരിത്രത്തിലെ ഏറ്റവും വലിയ പണാധിപത്യ തെരഞ്ഞെടുപ്പാണ് അടുത്തിടെ നടന്നത്. 
പ്രചാരണത്തിനായി പെട്ടെന്ന് പറന്നെത്താൻ ഹെലികോപ്ടർ ഏർപ്പാടാക്കുന്ന കാര്യത്തിൽ ബി.ജെ.പി  കോൺഗ്രസിന് മുന്നിലായിരുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ ഒറ്റയടിക്ക് നടത്തുന്നതിൽ മറ്റൊരു ദോഷവശം കൂടിയുണ്ട്. 2018ൽ പരസ്യ വരുമാനം ഇടിഞ്ഞ് രാജ്യത്തെ മാധ്യമ രംഗം കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പരസ്യങ്ങൾക്കായി കോടികൾ പ്രവഹിച്ചപ്പോൾ അച്ചടി-ദൃശ്യ മാധ്യമ രംഗത്തിന് പുത്തനുണർവ് കൈവന്നിരുന്നു. ചെലവ് എത്ര വരുമെന്ന് കാര്യമാക്കേണ്ടതില്ല. വോട്ടെടുപ്പുകൾ ഇടയ്ക്കിടെ അരങ്ങേറിക്കോട്ടെ. സമ്പദ്ഘടനയിലേക്ക് പണപ്രവാഹം ഏറുന്നത് ഗുണപ്രദമാണല്ലോ.

 

Latest News