ബിനോയിയെ മുംബൈയിലേക്ക് കൊണ്ടു പോകും; ഡി.എന്‍.എ പരിശോധന നടത്താനും നീക്കം

കണ്ണൂര്‍ - സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതിയെക്കുറിച്ച് അന്വേഷണത്തിനായി മുംബൈ പോലീസ് കണ്ണൂരിലെത്തി. അന്ധേരിയില്‍ നിന്നുളള എസ്.ഐ വിനായക് യാദവ്, ദയാനന്ദ പവാര്‍ എന്നീ ഉദ്യോഗസ്ഥരാണ് കണ്ണൂരിലെത്തിയത്. ഇവര്‍ കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് പ്രദീഷ് കുമാറുമായി ചര്‍ച്ച നടത്തി.
മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിലാണ് യുവതി ബിനോയിക്കെതിരെ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ബിനോയുമായി ബന്ധപ്പെട്ടിരുന്നു. മൂന്നു ദിവസത്തിനകം ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. ബിനോയുമായുള്ള ബന്ധം തെളിയിക്കുന്നതിനുള്ള രേഖകള്‍ തന്റെ കൈവശമുണ്ടെന്നും ഇവ നേരില്‍ ഹാജരാക്കാമെന്നും യുവതി പോലീസിനു മൊഴി നല്‍കിയിരുന്നു. പീഡന പരാതി വന്‍ വിവാദമായ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിനായി മുംബൈ പോലീസ് കണ്ണൂരിലെത്തിയത്.
      ബിനോയിയെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിനു ശേഷമാവും അറസ്റ്റ് അടക്കമുള്ള തുടര്‍ നടപടികളുണ്ടാവുക. ഇതിനു മുമ്പായി യുവതിയുടെ കൈവശമുള്ള തെളിവുകളും വിശദമായി പരിശോധിക്കും. വാട്‌സ് ആപ് സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും അടക്കമുള്ളവയും പണം നല്‍കിയ രേഖകളും ഉള്‍പ്പെടെയുള്ള തെളിവുകളാണ് ഉള്ളതെന്നാണ് യുവതി പോലീസില്‍ നല്‍കിയ മൊഴി. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ഡി.എന്‍.എ പരിശോധന നടത്താനും സാധ്യതയുണ്ട്.

 

Latest News