മന്ത്രി ജലീലിനെതിരായ ബന്ധു നിയമന വിവാദം കെല്‍പുള്ള ഉദ്യോഗസ്ഥന്‍ വന്നപ്പോഴെന്ന് സര്‍ക്കാര്‍

കൊച്ചി- മുന്‍ സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് സര്‍ക്കാര്‍. അനര്‍ഹരായ പലര്‍ക്കും വന്‍തോതില്‍ വായ്പ നല്‍കിയെന്നും പാവപ്പെട്ടവര്‍ക്ക് വായ്പ നിരസിച്ചതായും ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയതായി സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധു നിയമനക്കേസിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. വായ്പ തിരിച്ചുപിടിക്കാന്‍ കെല്‍പുള്ള സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗസ്ഥനെ നിയമിച്ചപ്പോഴാണ് മന്ത്രി ബന്ധുവാണെന്ന ആരോപണം ഉയര്‍ന്നത്.  
വായ്പ തിരിച്ചുപിടിക്കുന്നതിന് കെല്‍പ്പുള്ള ഉദ്യോഗസ്ഥനെ കണ്ടെത്തിയിട്ടുണ്ടെന്നും നിയമനത്തിനായി സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. മുന്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ഹനീഫ പെരിഞ്ചേരി സസ്‌പെന്‍ഷനിലാണ്. ധനകാര്യ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ബന്ധു നിയമനം ആരോപിച്ച് മന്ത്രിക്കെതിരെ വിജിലന്‍സിന് ലഭിച്ചത് കള്ളപ്പരാതിയായിരുന്നു. ഒപ്പിട്ട പരാതി നേരിട്ടല്ല കിട്ടിയത്. ഒപ്പിടാത്ത പരാതി ഇ-മെയിലിലാണ് ലഭിച്ചത്. എങ്കിലും പരാതി വിജിലന്‍സ് സര്‍ക്കാരിന് കൈമാറി. പരാതി സര്‍ക്കാര്‍ പരിശോധിച്ച് അന്വേഷണം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അദീബിന്റെ നിയമനത്തില്‍ മന്ത്രിയോ മറ്റാരെങ്കിലുമോ അനര്‍ഹമായ നേട്ടം ഉണ്ടാക്കിയിട്ടില്ല. മന്ത്രിക്കെതിരെ കേസെടുക്കാന്‍ ഹരജിക്കാരന്‍ സര്‍ക്കാരിന്റെ അനുമതിയും തേടിയിട്ടില്ല. കെ.ടി. അദീബിന്റെ നിയമനം നിയമാനുസൃതമാണ്. തസ്തിക മന്ത്രിസഭാ അനുമതിയോടെ സൃഷ്ടിക്കപ്പെട്ടതാണ്. നിയമന യോഗ്യത ഭേദഗതി ചെയ്തത് പത്രത്തില്‍ വിജ്ഞാപനം ചെയ്തിരുന്നു. നിയമനത്തിന് അദീബ് മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അനുമതിയും തേടിയിരുന്നു. അദീബ് പദവിയില്‍നിന്ന് സ്വയം വിരമിക്കുകയായിരുന്നുവെന്നും നിയമനം ഡെപ്യൂട്ടേഷനിലായിരുന്നുവെന്നും നിയമനമോ യോഗ്യതയോ ആരും ചോദ്യം
ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 

 

Latest News