ഖശോഗി വധക്കേസില്‍ വിചാരണ വിദേശ പ്രതിനിധികളുടെ സാന്നിധ്യത്തില്‍

റിയാദ് -സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതക കേസില്‍ നടക്കുന്ന വിചാരണക്ക് വിദേശ പ്രതിനിധികള്‍ സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.
ഖശോഗി വധവുമായി ബന്ധപ്പെട്ട് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ട് വൈരുധ്യങ്ങള്‍ നിറഞ്ഞതും അടിസ്ഥാനരഹിതമായ വാദങ്ങള്‍ അടങ്ങിയതുമാണ്.
മാധ്യമങ്ങള്‍ നേരത്തെ പ്രചരിപ്പിച്ച കാര്യങ്ങളാണ് യു.എന്‍ സ്‌പെഷ്യല്‍ റാപ്പോര്‍ട്ടര്‍ ഏഗ്നസ് കലമാര്‍ഡ് തയാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. പുതുതായി ഒരു കാര്യവും റിപ്പോര്‍ട്ടിലില്ലെന്ന് ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.


യു.എന്‍ രക്ഷാ സമിതി സ്ഥിരാംഗങ്ങളായ അഞ്ചു രാജ്യങ്ങളുടെ സൗദി എംബസികളില്‍ നിന്നുള്ള പ്രതിനിധികളും തുര്‍ക്കി പ്രതിനിധികളും സൗദി മനുഷ്യാവകാശ സംഘടനാ പ്രതിനിധികളുമാണ് കോടതിയില്‍ ഹാജരാകുന്നത്.  
ഖശോഗി കേസ് പരിശോധിക്കുന്നതിനുള്ള അധികാരം സൗദി നീതിന്യായ സംവിധാനത്തിനു മാത്രമാണ്. ഇക്കാര്യത്തില്‍ പൂര്‍ണമായും സ്വതന്ത്രമായാണ് സൗദി നീതിന്യായ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ സൗദി ഭരണാധികാരികള്‍ നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ ഏതാനും പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ പ്രതികളുടെ വിചാരണ കോടതിയില്‍ നടന്നുവരികയാണ്.
ഇതിന്റെ പേരില്‍ സൗദി ഭരണാധികാരികളെ വിമര്‍ശിക്കാനും സൗദി നീതിന്യായ സംവിധാനത്തിന് പുറത്തേക്ക് കേസ് കൊണ്ടുപോകാനും സ്വാധീനം ചെലുത്താനുമുള്ള ശ്രമങ്ങള്‍  അംഗീകരിക്കില്ല. ഖശോഗി കേസ് വിചാരണ ചെയ്യുന്ന സൗദി നീതിന്യായ സംവിധാനത്തിന്റെ അധികാരത്തിന്റെയും സൗദി അറേബ്യയുടെ പരമാധികാരത്തിന്റെയും കാര്യത്തില്‍ ഒരുവിധ വിലപേശലും അംഗീകരിക്കില്ല.

 

Latest News