പറവൂര്‍- ശാന്തിവനത്തിലെ മരങ്ങള്‍ മുറിച്ച കെ.എസ്.ഇ.ബി നടപടിയില്‍ പ്രതിഷേധിച്ച് സ്ഥലമുടമ മീന മേനോന്‍ മുടി മുറിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് മീന മേനോന്‍ മരങ്ങളുടെ ശിഖരം മുറിച്ച അതേ സമയത്ത് മുടി മുറിച്ച് പ്രതിഷേധിച്ചത്.
മരങ്ങളുടെ ശിഖരം മുറിക്കാനെത്തിയ ഉദ്യോഗസ്ഥരെ ശാന്തിവനം സംരക്ഷണ സമിതി തടഞ്ഞുവെച്ച് പ്രതിഷേധിച്ചിരുന്നു. ടവറിന് സമീപത്തെ എട്ട് മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.
ശിഖരം മുറിക്കാനെന്ന വ്യാജേന എത്തിയ ഉദ്യോഗസ്ഥരുടെ ഉദ്ദേശം മരം മുറിക്കല്‍ തന്നെയാണെന്ന് മീന മേനോന്‍ ആരോപിച്ചിരുന്നു.
13.5 മീറ്ററില്‍ അധികം ഉയരമുള്ള മരച്ചില്ലകള്‍ മുറിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതായി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, ശാന്തിവനത്തെ മരങ്ങളുടെ ശിഖരം മുറിച്ചാല്‍ താന്‍ മുടി മുറിച്ച് മുഖ്യമന്ത്രിക്ക് അയച്ചു കൊടുക്കുമെന്ന് മീന മേനോന്‍ വ്യക്തമാക്കിയിരുന്നു.
കെഎസ്ഇബിക്കും സര്‍ക്കാരിനുമെതിരെ മീന മേനോന്‍ ഉള്‍പ്പടെയുള്ള ശാന്തിവനം സംരക്ഷണ സമിതി ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. കോടതിയുടെ തീരുമാനം വരാതെ ശാന്തിവനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശരിയല്ലെന്ന് മീന മേനോന്‍ പറഞ്ഞു.