Sorry, you need to enable JavaScript to visit this website.

രാഹുൽ പോരാടുമ്പോൾ  നിങ്ങളെന്ത് ചെയ്യുകയായിരുന്നു?


കൃത്യമായ വിശകലനങ്ങളിലൂടെ കോൺഗ്രസിന്റെ പരാജയം വിലയിരുത്തി അത്  ജനങ്ങളോട് തുറന്നു പറഞ്ഞ് അവരെ  വിശ്വാസത്തിലെടുത്തു മുന്നോട്ട് പോകാത്ത പക്ഷം അത് കോൺഗ്രസിന്റെ മാത്രമല്ല ഇന്ത്യയുടെ കൂടി ഭാവിയെ ആണ് ഇരുട്ടിലാക്കുന്നത്. അത് രാഹുൽ ഗാന്ധിയുടെ മാത്രം ഉത്തരവാദിത്തമല്ല, മറിച്ച് ഇതുവരെ ആ പാർട്ടിയുടെ അക്കൗണ്ടിൽ അധികാരത്തിന്റെ മധു നുകർന്ന മുഴുവൻ നേതാക്കളുടെയും ബാധ്യത കൂടിയാണ്.

രാഷ്ട്രീയ കക്ഷികൾ ഒന്നടങ്കം ജനാധിപത്യ ഇന്ത്യയിൽ അതിനിർണായകം എന്ന് വിലയിരുത്തപ്പെട്ട ഒരു തെരഞ്ഞെടുപ്പ് കാലം കൂടി കഴിഞ്ഞുപോയിരിക്കുന്നു. ആരോപണ പ്രത്യാരോപണങ്ങൾക്ക് നാന്ദി കുറിച്ചുകൊണ്ട് നിലവിലുള്ള സർക്കാർ തന്നെ തുടരട്ടെയെന്നു ജനം വിധിയെഴുതി ഒരു മാസം പിന്നിട്ടിരിക്കുന്നു. എന്നാൽ കേരളം ഒരു പരിധി വരെ കൃത്യമായ രാഷ്ട്രീയ വിശകലനങ്ങൾക്കും ചർച്ചകൾക്കും ശേഷം ഇന്ത്യ എന്ന ആശയം ശക്തിപ്പെടാൻ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു എന്നത് ആശ്വാസകരം തന്നെയാണ്.

അതിദേശീയതയിലൂന്നിയ ഫാസിസ്റ്റു വിരുദ്ധ ചേരിയുടെ പടനായകൻ കേരളത്തിൽ നിന്നും മാറ്റുരച്ചു എന്നത് അവിടുത്തെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതക്കുള്ള ഒരംഗീകാരം കൂടി ആണ്. കഠിനാധ്വാനിയും നീതിമാനും ധൈര്യശാലിയുമായ രാഹുൽ ഗാന്ധിയെപ്പോലെ ഒരു നേതാവ് ഉണ്ടായിരുന്നിട്ടു പോലും എന്തുകൊണ്ട് കോൺഗ്രസ് പാർട്ടിക്ക് പ്രതിപക്ഷസ്ഥാനത്ത് ഇരിക്കാൻ ആവശ്യമായ അംഗസംഖ്യയിൽ എത്താനായില്ല എന്ന ചോദ്യം പ്രസക്തമാണ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനം അതിന്റെ ജന്മം മുതൽ ഇന്ത്യയുടെ ഒരു പരിഛേദമായിരുന്നു. ലോകമാറ്റങ്ങൾക്കനുസരിച്ച് രാഷ്ട്രബോധം ഉൾക്കൊണ്ടുകൊണ്ട് സ്വയംസമർപ്പിച്ചു പ്രവർത്തിച്ച ഒരു നേതൃത്വമാണ് അതിനുണ്ടായിരുന്നത്. അതിരുകൾ നിശ്ചയിക്കപ്പെട്ട ഒരു രാജ്യത്തിന്റെ പരമാധികാരികളാകാൻ വേണ്ടിയായിരുന്നില്ല അവർ പണിയെടുത്തിരുന്നത്. മറിച്ച് ഗ്രാമാന്തരങ്ങളിലൂടെ മൈലുകളോളം സഞ്ചരിച്ച് കണ്ടെത്തിയ ഒരിന്ത്യയെ സ്വയം പര്യാപ്തമാക്കിയെടുക്കുക എന്ന കാഴ്ചപ്പാടുകളായിരുന്നു അവരെ മുന്നോട്ട് നയിച്ചത്. പട്ടിണി മാറ്റി ദാരിദ്ര്യം തുടച്ചുനീക്കാനും കരുതൽ ധാന്യം ഉൽപാദിപ്പിക്കാനും ഭരണാധികാരികൾ പദ്ധതികൾ ആവിഷ്‌കരിച്ചു. തുടർന്ന് ശാസ്ത്ര സാങ്കേതികത്തികവിനും രാജ്യത്തിൻെറ അതിർത്തി കാക്കുന്നതിനും, ലോകവ്യാപാര ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിനും അന്താരാഷ്ട്ര ഇടപെടലുകൾക്കും രാഷ്ട്രത്തലവന്മാർ പ്രയത്‌നിച്ചു. അതിനൂതന സാങ്കേതികത ജനങ്ങളുടെ കൈകളിലെത്തിക്കാൻ പിന്നീടു വന്നവർക്കും സാധിച്ചു. എന്നാൽ ഇക്കാലങ്ങളിലൊന്നും തന്നെ സംഘടിതമായി ഒരു പ്രതിപക്ഷം ഉണ്ടായിരുന്നില്ല എന്നതുകൊണ്ടു തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതിയ പുതിയ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയിരുന്നില്ല.

എന്നാലിന്ന് അധികാര സംവിധാനങ്ങളെക്കുറിച്ചു കൃത്യമായി നിർവചനങ്ങൾ രൂപപ്പെട്ടതിനു ശേഷം മാത്രം രൂപപ്പെട്ട, വ്യവസ്ഥാപിതമായി സംഘടിക്കപ്പെട്ട, അധികാര ഘടനയുള്ള, അജണ്ടകൾ നിശ്ചയിക്കപ്പെട്ട, ലക്ഷ്യത്തിലെത്താൻ പര്യാപ്തമായ  സാമ്പത്തിക ഭദ്രതയുള്ള രാഷ്ട്രീയ പാർട്ടികളോടാണ് കോൺഗ്രസ് സംവിധാനം തെരഞ്ഞെടുപ്പ് ഗോദയിൽ മത്സരിക്കുന്നത്. വിജയവും പരാജയവും ഒരുപോലെ പഠിക്കാനുള്ളതാകണം. വിജയ ഫോർമുലകളുടെ ആഹഌദാരവത്തിൽ പരാജയ കാരണങ്ങൾ മാറ്റിവെക്കപ്പെടരുത്. അത് ചൂണ്ടിക്കാണിക്കുന്ന വിരലുകൾ മുറിച്ചുമാറ്റുന്ന ചികിത്‌സ ആത്മഹത്യാപരമാണ്.
തെരഞ്ഞെടുപ്പു തന്ത്രങ്ങളും ഗൂഢതന്ത്രങ്ങളും സഖ്യം ചേരലുകളും ജനാധിപത്യത്തിലെ അട്ടിമറികളും കൃത്യമായി പഠിച്ച് വശത്താക്കിയ കേഡർ രാഷ്ട്രീയ സംവിധാനം ഒരു വശത്തും രാഷ്ട്രീയം ഒരു തൊഴിലായി കാണുകയും അതിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന പഴയ ഒരു കൂട്ടം ആളുകൾ മറുവശത്തും നിൽക്കുമ്പോൾ വിജയം ആർക്കൊപ്പമാവും എന്ന് കവടി നിരത്തി കണ്ടുപിടിക്കേണ്ടതില്ല.
ഇന്ദിരാ യുഗം വരെ ശക്തമായി രാജ്യം ഭരിക്കുന്നതോടൊപ്പം പാർട്ടിയുടെ നിലനിൽപും നേതാക്കൾ ഉറപ്പു വരുത്തിയിരുന്നു. ഓരോ സംസ്ഥാനത്തിന്റെയും ആവശ്യങ്ങളും രാഷ്ട്രീയ സ്പന്ദനങ്ങളും അറിയുന്ന ഇടപെടാൻ കെൽപുള്ള നേതൃത്വവും അങ്ങ് ദൽഹിയിലുണ്ടായിരുന്നു. രാജീവ് ഗാന്ധിയുടെ കാലം മുതൽ സാമൂഹികക്ഷേമ പദ്ധതികളോടൊപ്പം സാങ്കേതിക വിദ്യയിലൂന്നിയ ആധുനികവത്കരണ ചിന്തകൾ ഭരണത്തിൽ പ്രതിഫലിച്ചുതുടങ്ങി. രാജ്യത്തിന്റെ സാധ്യതകളെ എത്രത്തോളം ഉപയോഗപ്പെടുത്താമെന്ന ചിന്തയിൽ വലിയ അക്കാദമിസ്റ്റുകളും നേതൃനിരയിലെത്തി. പിന്നീടു വന്ന നേതൃത്വം രാജ്യത്തെ ലോക രാജ്യങ്ങളോട് കിടപിടിക്കുവാൻ സജ്ജമാക്കുന്നതിൽ ശ്രദ്ധ ചെലുത്തി. അതിൽ ഒരു പരിധി വരെ അവർ വിജയിക്കുകയുംചെയ്തു. എന്നാൽ സാധാരണ ജനങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും ഉപകരിച്ച ഇത്തരം വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ  വോട്ടാക്കി മാറ്റുന്നതിൽ പാർട്ടി പരാജയപ്പെട്ടു തുടങ്ങിയിരുന്നു. ഇതേ സമയത്ത് തന്നെ ഇതര രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്വാധീന മേഖലകളിൽ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം പറഞ്ഞ് ഗ്രാമങ്ങളിലടക്കം വേരുറപ്പിച്ചുകൊണ്ടിരുന്നു. ഇടതുപക്ഷം അവരുടെ സ്വാധീന മേഖലകളിൽ പാർട്ടിയുടെ സാമ്പത്തിക നയങ്ങൾ ഉന്നയിച്ചു തങ്ങൾ ജനപക്ഷത്താണ് എന്ന് ബോധ്യപ്പെടുത്തുമ്പോൾ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കോൺഗ്രസിനെ ഹിന്ദു വിരുദ്ധവും, ന്യൂനപക്ഷ പ്രീണനമെന്നും മൃദു ഹിന്ദുത്വമെന്നും ദളിത് - മുസ്‌ലിം വിരുദ്ധരെന്നും തരാതരം പറഞ്ഞു തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ നേരിട്ട പിളർപ്പും പാർട്ടിയെ വല്ലാതെ ബാധിച്ചു. മാത്രമല്ല ദേശീയ പ്രാദേശിക തലങ്ങളിലുണ്ടായ ചെറുതും വലുതുമായ അഴിമതികൾ മാധ്യമങ്ങളെ ഉപയോഗിച്ചു കോൺഗ്രസിന്റെ പര്യായമാക്കി മാറ്റുന്നതിൽ എതിരാളികൾ വിജയിച്ചു. ഫലത്തിൽ കോൺഗ്രസ് സാധാരണക്കാരിൽനിന്നകന്നു. ദരിദ്രനായ വോട്ടർക്ക് ആ പാർട്ടി പാവങ്ങളെ മറന്നുപോയ കോർപറേറ്റു പ്രീണന പാർട്ടിയായും, മധ്യവർഗക്കാരന് മതേതര കാഴ്ചപ്പാടുകളിൽ വ്യക്തതയില്ലാത്ത അഴിമതിയിൽ കുളിച്ച പാർട്ടിയായും തോന്നിത്തുടങ്ങി.  

മൻമോഹൻ സിംഗിന്റെ ഭരണ കാലത്തുണ്ടായ സാങ്കേതികപശ്ചാത്തല വികസന, സാമൂഹിക പൗരാവകാശ ഭക്ഷ്യക്ഷേമമേഖലകളിലുണ്ടായ വൻ മുന്നേറ്റം അക്കാലത്ത് കോൺഗ്രസിന്റെ തന്നെ നേതൃത്വത്തിലുണ്ടായിരുന്ന സംസ്ഥാന ത്രിതല പഞ്ചായത്തു ഭരണ സമിതികളിലൂടെ ജനങ്ങളിലേക്ക് യഥാവിധി എത്തിച്ചില്ല എന്നതാണ് കോൺഗ്രസ് ആദ്യമായി 45 സീറ്റിലേക്ക് ഒതുങ്ങാൻ കാരണമായത്.

ഭൂരിപക്ഷം വരുന്ന സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങളുടെ ഹൃദയ താളം തിരിച്ചറിയാൻ കഴിയുന്ന പ്രാദേശിക സംസ്ഥാന നേതാക്കൾക്കു പകരം അതാതു സംസ്ഥാന ഘടകങ്ങൾക്ക് അനഭിമതരായ നേതാക്കളാണ് എഐസിസിയിലും ഉപരിഘടകങ്ങളിലും അംഗങ്ങളായി ഇരുന്നു പാർട്ടിനിലപാടുകൾ നെയ്‌തെടുക്കുന്നത്. മുൻകാലങ്ങളിൽ തങ്ങൾ കൊണ്ടുവന്ന വികസന ചിത്രങ്ങളും സാമൂഹിക മാറ്റങ്ങളും വാർത്താ മാധ്യമങ്ങളിലൂടെ സ്വയം മനസ്സിലാക്കി വിലയിരുത്തി  ജനങ്ങൾ   രാജ്യഭാരം വീണ്ടും തങ്ങളെ ഏൽപിക്കുമെന്നു ധരിച്ചുവെച്ചിരിക്കുന്ന അമിത വിശ്വാസികളായ നേതാക്കളും പാർട്ടിയുടെ നേതൃസ്ഥാനങ്ങൾ പ്രവർത്തന സജ്ജരായവർക്ക് വിട്ടുനൽകാൻ തയാറാവാത്ത,  കാലോചിതമായ മാറ്റങ്ങൾക്ക് വഴങ്ങുകയോ അതിന് പ്രാപ്തരായവർക്ക് വഴിമാറിക്കൊടുക്കുകയോ ചെയ്യാത്ത നേതാക്കൾക്ക് പകരം  കഴിഞ്ഞ നാലു വർഷത്തോളം കോൺഗ്രസ് എന്ന വടവൃക്ഷത്തെ പുനരുജ്ജീവിപ്പിക്കാൻ രാപ്പകൽ ഭേദമെന്യേ പണിയെടുക്കുന്ന, ജനങ്ങൾക്ക് ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ലാത്ത രാഹുൽ ഗാന്ധി എന്ന നേതാവ് മാത്രമായി ഈ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു സ്ഥാനമൊഴിയുന്നതിൻെറ യുക്തി ഇപ്പോഴും സാധാരണ പാർട്ടി പ്രവർത്തകർക്ക് മനസ്സിലാകുന്നില്ല.

പ്രാദേശികമായി നിരവധി അഴിമതികൾ നിലനിൽക്കേ തന്നെ  അവയെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ   രാഹുൽ ഗാന്ധി ഉയർത്തിക്കാട്ടിയ റഫാലിൽ  മാത്രം ചർച്ചകൾ കേന്ദ്രീകരിച്ചു. അതാതു സംസ്ഥാനങ്ങളിലെ ഭരണ വിരുദ്ധത മുതലെടുക്കാൻ ശ്രമിക്കാതെ കേന്ദ്ര സർക്കാരിന്റെ ഏതാനും ചില ജനദ്രോഹ നടപടികളിൽ  മാത്രം പ്രചാരണം ഒതുങ്ങി നിന്നു. എന്നാൽ കോൺഗ്രസ്  ഭരണ കാലത്തു നടപ്പിലാക്കിയ കക്കൂസും ഗ്യാസുമടക്കം ഇരുപത്തിമൂന്നിൽ പത്തൊൻപതു സാമൂഹികക്ഷേമ പദ്ധതികളുടെ പേരുകൾ തന്ത്രപൂർവം മാറ്റുകയും അതേ ജനങ്ങൾക്കിടയിൽ തന്റെ 'മൻ കി ബാത്തി'ലൂടെ സാധാരണക്കാരനോട് നേരിട്ട് സംവദിച്ച് ബിജെപി തങ്ങളുടെ വോട്ടുറപ്പിച്ചുകൊണ്ടിരിക്കുന്ന സത്യം അടിത്തട്ടിലെ കോൺഗ്രസ്  പ്രവർത്തകരിലൂടെ തിരിച്ചറിഞ്ഞു അതിനെ പ്രധിരോധിക്കാനും  ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ചുകൊണ്ട് തെരെഞ്ഞെടുപ്പ് അട്ടിമറി നടത്തുന്നതിനുള്ള ശ്രമം മുൻകൂട്ടി തടയുന്നതിനും  നേതൃത്വം പൂർണമായി പരാജയപ്പെട്ടു .

ഇന്ത്യയെ വീണ്ടെടുക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ   രാജ്യത്തിനകത്തും പുറത്തും ചർച്ചകൾ നടത്തി, കൃത്യമായ പദ്ധതികൾ രൂപപ്പെടുത്തിയതു പോലും സമയോചിതമായി പുറത്തിറക്കാനോ അവ ജനങ്ങളെ ബോധ്യപ്പെടുത്താനോ കഴിയാത്തതു കോൺഗ്രസ് സംഘടനാ സംവിധാനത്തിന്റെ ദൗർബല്യത്തെ തുറന്നുകാട്ടുന്നു.

കൃത്യമായ വിശകലനങ്ങളിലൂടെ കോൺഗ്രസിന്റെ പരാജയം വിലയിരുത്തി അത്  ജനങ്ങളോട് തുറന്നു പറഞ്ഞ് അവരെ  വിശ്വാസത്തിലെടുത്തു മുന്നോട്ട് പോകാത്ത പക്ഷം അത് കോൺഗ്രസിന്റെ മാത്രമല്ല ഇന്ത്യയുടെ കൂടി ഭാവിയെ ആണ് ഇരുട്ടിലാക്കുന്നത്. അത് രാഹുൽ ഗാന്ധിയുടെ മാത്രം ഉത്തരവാദിത്തമല്ല, മറിച്ച് ഇതുവരെ ആ പാർട്ടിയുടെ അക്കൗണ്ടിൽ അധികാരത്തിന്റെ മധു നുകർന്ന മുഴുവൻ നേതാക്കളുടെയും ബാധ്യത കൂടിയാണ്.

Latest News