Sorry, you need to enable JavaScript to visit this website.

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭയുടെ നരഹത്യയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം- ഓഡിറ്റോറിയത്തിന് നഗരസഭയുടെ പ്രവര്‍ത്തനാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് കണ്ണൂരില്‍ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. കെട്ടിട നമ്പര്‍ നല്‍കാത്തതിനാലാണ് ആത്മഹത്യയെന്നും ആന്തൂര്‍ നഗരസഭ രാഷ്ട്രീയ പ്രേരിതമായാണ് കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നല്‍കാതിരുന്നതെന്നും ആരോപിച്ച് സണ്ണി ജോസഫ് എംഎല്‍എ ആണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ആത്മഹത്യയല്ല, ആന്തൂര്‍ നഗരസഭ നടത്തിയ നരഹത്യയാണിതെന്ന് അടിയന്തിര പ്രമേയ്ത്തിന് അവതരണാനുമതി തേടിക്കൊണ്ട് പ്രതിപക്ഷം ആരോപിച്ചു.

സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. രാഷ്ട്രീയ പ്രേരിതമായാണ് ലൈസന്‍സ് നല്‍കാതിരുന്നെന്ന വാദം തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ തള്ളി. കെട്ടിട ഉടമ ആത്മഹത്യ ചെയ്ത സംഭവം നിര്‍ഭാഗ്യകരമെന്ന് മന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ മോശപ്പെട്ട പ്രതിഛായയുണ്ടാക്കും. വിഷയത്തെക്കുറിച്ച് പരിശോധിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. ആരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബക്കളത്തെ പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും പ്രമുഖ വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍(48) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭാ പരിധിയിലുള്ള അദ്ദേഹത്തിന്റെ കെട്ടിടം പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് മാനസികവിഷമത്തിലായിരുന്നു സാജനെന്ന് ബന്ധുക്കള്‍ പറയുന്നു. 15 വര്‍ഷമായി നൈജീരിയയില്‍ ബിസിനസ് നടത്തിവരികയായിരുന്നു. 16 കോടിയോളം രൂപ ചെലവിലാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചത്.

 

Latest News