ബിനോയിക്കെതിരെ ബിഹാര്‍ യുവതി ആദ്യം സി.പി.എം കേന്ദ്രനേതൃത്വത്തെ സമീപിച്ചു

ന്യൂദല്‍ഹി- ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയുമായി പോലീസിനെ സമീപിക്കുന്നതിനു മുമ്പ് ബിഹാര്‍ യുവതി  സി.പി.എം കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നതായി  റിപ്പോര്‍ട്ട്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായതിനാലാണ്   ലൈംഗിക ചൂഷണ പരാതിയുമായി ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന യുവതി പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്.
വിവാഹ വാഗ്ദനം നല്‍കിയ ശേഷം വഞ്ചിച്ചുവെന്നും എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും കാണിച്ച് യുവതി കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ പോലീസില്‍ പരാതി നല്‍കിയത്.
കത്തു മുഖേനയാണ് യുവതി സി.പി.എം നേതൃത്വത്തിന് നേരത്തെ പരാതി നല്‍കിയിരുന്നത്.  വിഷയം പാര്‍ട്ടി കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്തായും പറയുന്നു.   ദല്‍ഹിയിലെത്തിയ പാര്‍ട്ടി സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതാക്കള്‍ ഈ വിഷയം അനൗപചാരികമായി ചര്‍ച്ച ചെയ്തിരുന്നു.

യുവതിയുടെ പരാതിയില്‍ കഴമ്പില്ലെന്നും പ്രശ്‌നം ബിനോയ് വ്യക്തിപരമായി നേരിടട്ടെയെന്നുമാണ്  കേരളത്തില്‍നിന്നുള്ള നേതാക്കള്‍ കേന്ദ്രനേതാക്കളെ അറിയിച്ചത്. പരാതി വ്യക്തിപരമായതിനാല്‍ പാര്‍ട്ടി ഇടപെടേണ്ടെന്നും ബിനോയ് വ്യക്തിപരമായി നേരിടട്ടേയെന്നുമാണ് ഇപ്പോഴും കേന്ദ്ര, സംസ്ഥാന നേതാക്കളുടെ നിലപാട്.  

നേരത്തെ ബിനോയിക്കെതിരെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ചും പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രനേതൃത്വം കോടിയേരി ബാലകൃഷ്ണനില്‍നിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു.

 

Latest News