മുംബൈ- അടിവസ്ത്രങ്ങളുടെ പരസ്യത്തനായി കടകളില്‍ ഉപയോഗിക്കുന്ന നഗ്നശരീരങ്ങളുടെ കോലങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ശിവസേനാ നേതാവും ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍(ബിഎംസി) നിയമ കമ്മിറ്റി അധ്യക്ഷയുമായ ശീതള്‍ മാത്രെ നിര്‍ദേശം നല്‍കി. ബി.എം.സി ഭരണ വിഭാഗം ഇതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമ വിരുദ്ധമായി അടിവസ്ത്ര ബൊമ്മകള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരേ 15 ദിവസങ്ങള്‍ക്കുള്ളില്‍ നടപടിയെടുക്കണെന്ന് അവര്‍ കര്‍ശന നിര്‍ദേശം നല്‍കി. അനുസരിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആറ് വര്‍ഷമായി ഈ നിര്‍ദേശം കമ്മറ്റിക്ക് മുമ്പാകെ വരുന്നു. മാന്യമായ രീതിയില്‍ ഈ ബൊമ്മകല്‍ പ്രദര്‍ശിപ്പിക്കാവുന്നതാണ്. ഇവ സ്ത്രീത്വത്തിന് തന്നെ അപമാനമാണെന്നും ശീതള്‍ മാത്രെ പറഞ്ഞു.
അടിവസ്ത്രങ്ങള്‍ എവിടെനിന്ന് വാങ്ങണമെന്ന് സ്ത്രീകള്‍ക്ക് അറിയാമെന്നും അടിവസ്ത്രം ധരിച്ച ബൊമ്മകള്‍ നഗരത്തിലെ മരക്കൊമ്പുകളില്‍ തൂക്കിയിടേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു.
നഗരത്തിലെ കടകളില്‍നിന്ന് അടിവസ്ത്ര കോലങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2013 ല്‍ ശിവസേന നഗരസഭാംഗം റിതു താവ്‌ഡെ വിവാദം സൃഷ്ടിച്ചിരുന്നു. എംഎംസി നിയമത്തില്‍ ഇതിനു വകുപ്പില്ലെന്നാണ് അന്ന് കോര്‍പറേഷന്‍ മറുപടി നല്‍കിയിരുന്നത്.






