Sorry, you need to enable JavaScript to visit this website.

മുന്‍ ഭാര്യയെ പഴിച്ച് പാട്രിക് ഷനഹാന്‍; പ്രതിരോധ സെക്രട്ടറിയാകാനില്ല

പാട്രിക് ഷനഹാനും ട്രംപും
മാര്‍ക്ക് എസ്പര്‍
കിംബര്‍ലി ജോര്‍ഡിനന്‍സനും ഷനഹാനും

വാഷിംഗ്ടണ്‍- യു.എസ് പ്രതിരോധ സെക്രട്ടറിയായുള്ള നിയമനം അംഗീകാരത്തിനായി സെനറ്റിലേക്ക് പോകാന്‍ കാത്തുനില്‍ക്കാതെ ആക്ടിംഗ് ചുമതല വഹിച്ചിരുന്ന പാട്രിക് ഷനഹാന്‍ രാജി വെച്ചു. കുട്ടികള്‍ കൂടുതല്‍ അനുഭവിക്കേണ്ടിവരുന്ന വേദനാജനകമായ കുടുംബ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഷനഹാന്റെ രാജി. പ്രതിരോധ സെക്രട്ടറിയുടെ നിയമനത്തില്‍ മാസങ്ങളായി അനിശ്ചിതത്വം തുടരുകയാണ്.

കുട്ടികളുടെ സുരക്ഷയും ക്ഷേമവുമാണ് തന്നെ സംബന്ധിച്ച് പ്രഥമമെന്നും അതുകൊണ്ടുതന്നെ നിയമനപ്രകിയ മുന്നോട്ടു പോകുന്നത് മക്കളുടെ ജീവിതത്തില്‍ വീണ്ടും മുറിവുകളുണ്ടാക്കുമെന്നും ഷനഹാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ആക്ടിംഗ് പ്രതിരോധ സെക്രട്ടറിയുടെ രാജി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ സ്ഥിരീകരിച്ചു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അദ്ദേഹം സ്വയമെടുത്ത തീരുമാനമാണിതെന്ന് ട്രംപ് വിശദീകരിച്ചു. താന്‍ ഒരിക്കലും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം രാവിലെ തന്നെ രാജിയുമായി എത്തുകയായിരുന്നുവെന്നും ട്രംപ്  പറഞ്ഞു.

കുടുംബത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് ഷനഹാന്‍ വിശദീകരിച്ചിട്ടില്ലെങ്കിലും വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ 2011 ലുണ്ടായ വിവാഹ മോചനത്തെ കുറിച്ചും മക്കളെ വീണ്ടും അത്തരമൊരു സാഹചര്യത്തിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഷനഹാന്‍ വ്യക്തമാക്കി.

ഷനഹാന്റെ മുന്‍ ഭാര്യ കിംബര്‍ലിയെ കവര്‍ച്ചക്കും ആക്രമണത്തിനും സ്വത്തുക്കള്‍ നശിപ്പിച്ചതിനും പലതവണ അറസ്റ്റ് ചെയ്തതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. കിംബര്‍ലിയില്‍നിന്ന് ഷനഹാനും പലതവണ മര്‍ദനമേല്‍ക്കേണ്ടി വന്നിരുന്നു. അദ്ദേഹത്തിന് കണ്ണിനും മൂക്കിനും പരിക്കേറ്റുവെങ്കിലും കിംബര്‍ലിക്ക് പരിക്കൊന്നുമില്ലാത്തതിനാലാണ് കേസില്‍ പ്രതിയാക്കപ്പെടാതിരുന്നത്.

നല്ല കുടുംബങ്ങളില്‍ മോശം കാര്യങ്ങള്‍ സംഭവിക്കാമെന്നും ഇതൊരു ദുരന്തമാണെന്നുമാണ് ഷനഹാന്‍ പത്രത്തോട് പറഞ്ഞത്.
നിലവില്‍ ആര്‍മി സെക്രട്ടറിയായ മാര്‍ക്ക് എസ്പറിനെ പുതിയ ആക്ടിംഗ് പ്രതിരോധ സെക്രട്ടറിയായി നിര്‍ദേശിച്ചിട്ടുണ്ട്.
വിദേശനയങ്ങളുമായി യോജിക്കാനാവില്ലെന്ന് വ്യക്തമാക്കി ജനറല്‍ ജെയിംസ് മാറ്റിസ് കഴിഞ്ഞ ഡിസംബറില്‍ രാജിവെച്ച ശേഷം പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് സ്ഥിരനിയമനം നടത്താനായിട്ടില്ല. ആക്ടിംഗ് സെക്രട്ടറി ഷനഹാനെ നിയമിക്കുമെന്ന് കഴിഞ്ഞ മാസം ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിയമന നിര്‍ദേശം ഔദ്യോഗികമായി സെനറ്റിലേക്ക് പോയിട്ടില്ല. ഷനാഹന്റെ പൊടുന്നനെയുള്ള രാജിയോട് വൈറ്റ് ഹൗസില്‍ എന്തോ ചീഞ്ഞുനാറുന്നുവെന്ന രീതിയിലാണ് നിരീക്ഷകര്‍ പ്രതികരിച്ചത്.

 

Latest News