Sorry, you need to enable JavaScript to visit this website.

ഒറ്റ തെരഞ്ഞെടുപ്പിനു മേൽ ധവളപത്രം വേണമെന്ന് മമത, മോഡിയുടെ യോഗത്തിൽ പങ്കെടുക്കില്ല 

ന്യൂദൽഹി - രാഷ്ട്രീയ പാർട്ടി മേധാവികളുമായി പ്രധാനമന്ത്രി നടത്താനിരുന്ന യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കില്ല. 'ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്' ഉൾപ്പടെയുള്ള വിവിധ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് പ്രധാനമന്ത്രി 19 ന് പാർട്ടി നേതാക്കളെ കാണുന്നത്. ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം തിടുക്കത്തിൽ നടത്തേണ്ടതല്ലെന്നും ആദ്യം അതിനു മേൽ ധവള പത്രം ഇറക്കണമെന്നും മമത ആവശ്യപ്പെട്ടു. 

ഒരു എം.പി എങ്കിലും ലോക്സഭയിലോ രാജ്യസഭയിലോ ഉള്ള പാർട്ടി നേതാക്കളെയാണ് മോഡി കാണുന്നത്. 2022 ലെ 75  മത്  സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ, മഹാത്മാഗാന്ധിയുടെ 150 മത് ജന്മ വാർഷികം തുടങ്ങിയ കാര്യങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  

ഒറ്റ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ വിദഗ്ധരുമായി ചർച്ച ചെയ്യേണ്ടത് ആവശ്യമാണെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിക്കയച്ച കത്തിൽ മമത വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും ഗൗരവതരമായ ഒരു കാര്യത്തിൽ തിടുക്കത്തിൽ തീരുമാനമെടുക്കേണ്ടത് നീതിയായി തോന്നുന്നില്ല. പാർട്ടി നേതാക്കളോടല്ല,  ഭരണ ഘടന നിപുണരോടും തിരഞ്ഞെടുപ്പ് വിദഗ്ധരോടും ആദ്യം ചർച്ച ചെയ്യണം. വിഷയത്തിന് പുറത്തു ഒരു ധവള പത്രം തയ്യാറാക്കി പാർട്ടി നേതാക്കൾക്ക് അയക്കുകയാണ് വേണ്ടതെന്നും ആലോചിച്ച് പ്രതികരിക്കാൻ സമയം തരണമെന്നും മമത കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക  ജില്ലകളുടെ വികസനവുമായി ബന്ധപ്പെട്ടുള്ള തീരുമാനത്തെ  തൃണമൂൽ കോൺഗ്രസ് പിന്തുണയ്ക്കുന്നില്ലെന്നും, എല്ലാ ജില്ലകളുടെയും സന്തുലിതവും ആകർഷകവുമായ വികസനമാണ് തൃണമൂൽ കോൺഗ്രസ് ലക്ഷ്യമിടുന്നത് എന്നും മമത കത്തിൽ എഴുതിയിട്ടുണ്ട്.  രാജ്യത്തിൻറെ 75 മത്  സ്വാതന്ത്ര്യ ദിനാഘോഷത്തിലും മഹാത്മാഗാന്ധിയുടെ ജന്മ വാർഷിക ചടങ്ങുകളിലും പങ്കെടുക്കുമെന്ന് മമത അറിയിച്ചു.  

 

Latest News