കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ 48 മണിക്കൂറിനിടെ രണ്ടരക്കോടി രൂപയുടെ സ്വര്‍ണ വേട്ട

കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍  48 മണിക്കൂറിനിടെ 13 യാത്രക്കാരില്‍നിന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത് 2.67 കോടി രൂപയുടെ സ്വര്‍ണം. ഗള്‍ഫില്‍ നിന്നെത്തിയ 13 യാത്രക്കാരില്‍നിന്ന്  6.2 കിലോ സ്വര്‍ണമാണ് പിടിച്ചത്.

ശരീരത്തിലെ രഹസ്യ ഭാഗങ്ങളിലൊളിപ്പിച്ച രീതിയില്‍ എട്ട് യാത്രക്കാരില്‍നിന്ന് 4.9 കി.ഗ്രാം സ്വര്‍ണ മിശ്രിതം കണ്ടെടുത്തു. ഇതില്‍നിന്ന് 3.85 കിലോ സ്വര്‍ണം ഉരുക്കിയെടുത്തു. നിലമ്പൂര്‍ സ്വദേശിയായ അബ്ദുല്‍ മുനീര്‍, കൊടുവള്ളി സ്വദേശികളായ സാലിം, അഹമ്മദ് റിഷാദ്, മുഹമ്മദ് ഷഫീഖ്, ആഷിഖ്. കുറ്റിക്കാട്ടൂര്‍ സ്വദേശിയായ മുഹമ്മദ് സല്‍മാന്‍, വയനാട് മേപ്പാടി സ്വദേശി റഫീഖ് എന്നിവരില്‍നിന്നാണ് മിശ്രിതം പിടിച്ചത്.

രണ്ട് യാത്രക്കാരുടെ ട്രോളിബാഗിനുള്ളിലെ തകിടില്‍ വിദഗ്ദമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പയ്യന്നൂര്‍ സ്വദേശിയായ ഷഹനാദ്, താമരശ്ശേരി സ്വദേശിയായ സജാദ് എന്നിവരില്‍ നിന്നാണ് 1.49 കിലോ സ്വര്‍ണം പിടികൂടിയത്. ധരിച്ച വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച രീതിയില്‍ 830 ഗ്രാം സ്വര്‍ണം മൂന്നു യാത്രക്കാരികളില്‍നിന്നും പിടികൂടി. യാത്രക്കാരില്‍ ആറു പേരെ അറസ്റ്റു ചെയ്തു
എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മീഷണര്‍ ഇ.എസ്. നിധിന്‍ലാല്‍, അസി.കമ്മീഷണര്‍ എ.കെ. സുരേന്ദ്രനാഥന്‍, സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, സി.സി. ഹാന്‍സന്‍, മനോജ് കുമാര്‍, ഇന്‍സ്പക്ടര്‍മാരായ കെ.മുരളിധരന്‍, സൗരഭ് കുമാര്‍, നരസിംഹ വെല്ലൂരി, രബീന്ദ്രനാഥ്, ഹവീല്‍ദാര്‍മാരായ മോഹനന്‍, ഗഫൂര്‍ എന്നിവരുടെ സംഘമാണ് സ്വര്‍ണ വേട്ട നടത്തിയത്.

 

 

Latest News