Sorry, you need to enable JavaScript to visit this website.

അസത്യം പറഞ്ഞ് ജനങ്ങളെ  കബളിപ്പിക്കുന്ന ഭരണകൂടം

സർക്കാർ ജനങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ പാതകങ്ങളിലൊന്ന് വസ്തുതകൾ മറച്ചുവെയ്ക്കുകയെന്നതാണ്. ഒന്നും മറച്ചുവെയ്ക്കാൻ സാധിക്കാത്ത കാലത്താണ് നാം ജീവിക്കുന്നത്. വിവരാവകാശ നിയമത്തിലൂടെ അറിയാനുള്ള അവകാശം കൂടുതൽ ശക്തമായ രാജ്യവുമാണ് ഇന്ത്യ. അതുകൊണ്ടു തന്നെ രാജ്യത്തിന്റെ പൊതുസ്ഥിതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ജനങ്ങൾ അറിയേണ്ടതാണ്. എന്നാൽ രാജ്യത്തിന്റെ വികസനവും സാമ്പത്തിക സ്ഥിതിയും വളർച്ചയും സംബന്ധിച്ച കാര്യങ്ങളെല്ലാം ജനങ്ങളുടെ മുന്നിൽ മറച്ചുവെച്ചുവെന്നാണ് അടുത്ത ദിവസങ്ങളിൽ പുറത്തു വന്ന പല വാർത്തകളും വ്യക്തമാക്കുന്നത്. നാലു വർഷത്തോളം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തലുകളാണ് അതിൽ ഒടുവിലത്തേത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലിയും ആവർത്തിച്ചുകൊണ്ടിരുന്ന കാര്യമായിരുന്നു രാജ്യം വൻ വളർച്ച നേടിയെന്ന കാര്യം. വളർച്ചാ നിരക്കിൽ മാത്രമല്ല വിദേശ നിക്ഷേപത്തിലും സുഗമമായി വ്യാപാര – വ്യവസായ സ്ഥാപനങ്ങൾ നടത്തുന്നതിന് അന്തരീക്ഷം സൃഷ്ടിക്കുന്ന കാര്യത്തിലും രാജ്യം മുന്നേറിയെന്ന് ആവർത്തിച്ച് കൊട്ടിഘോഷിക്കുകയും ചെയ്തിരുന്നു അവർ. ഒരു പക്ഷേ മറ്റെല്ലാ പരിമിതികളും പ്രതിസന്ധികളും മറച്ചുവെയ്ക്കുന്നതിന് അവർക്ക് ആകെ പറയാനുണ്ടായിരുന്ന നേട്ടവും ഇതായിരുന്നു. എന്നാൽ അവയെല്ലാം കെട്ടുകഥകളും വ്യാജ കണക്കുകളുമായിരുന്നുവെന്നാണ് ആ കാലത്ത് ഭരണ നേതൃത്വത്തെ സഹായിച്ചിരുന്നവർ ഇന്ന് തുറന്നുപറയുന്നത്.
രാജ്യത്തിന്റെ യഥാർഥ വളർച്ചാ നിരക്ക് പെരുപ്പിച്ച് കാട്ടുന്നതിന് പുതിയ മാനദണ്ഡങ്ങൾ ഉപയോഗിച്ചുവെന്നായിരുന്നു അരവിന്ദ് സുബ്രഹ്മണ്യം ഹാർവാർഡ് സർവകലാശാലയിൽ അവതരിപ്പിച്ച പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര സാമ്പത്തിക മാനദണ്ഡങ്ങൾ പ്രകാരം രാജ്യത്തിന്റെ വളർച്ചാ നിരക്ക് 4.5 ശതമാനം മാത്രമായിരുന്നു. ഇതിനെയാണ് 2.5 ശതമാനം കൂട്ടി ഏഴ് ശതമാനമായി പെരുപ്പിച്ച് കാണിച്ചത്. 
2011-12 മുതലുള്ള ജി.ഡി.പി പുതിയ രീതിശാസ്ത്രം ഉപയോഗിച്ച് കണക്കാക്കിയെന്നാണ് അരവിന്ദ് സുബ്രഹ്മണ്യം വ്യക്തമാക്കുന്നത്. 2014 മെയ് മാസത്തിൽ പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോഡി 2014 ഒക്‌ടോബറിലാണ് ഇദ്ദേഹത്തെ സാമ്പത്തിക ഉപദേഷ്ടാവാക്കിയത്. 2018 ജൂൺ മാസം വരെ അദ്ദേഹം തൽസ്ഥാനത്ത് തുടർന്നു. അതായത് പെരുപ്പിച്ച കണക്കുകൾ തയാറാക്കുന്നതിൽ അദ്ദേഹത്തിനും കൂടി പങ്കുണ്ടായിരുന്നുവെന്നർഥം. ഇപ്പോൾ അത് തുറന്നുപറയുന്നതിലൂടെ അരവിന്ദ് സുബ്രഹ്മണ്യം തനിക്ക് ചെയ്യേണ്ടിവന്ന തെറ്റ് ഏറ്റുപറയുക കൂടിയാണെന്ന് വേണം കരുതാൻ.
ഇതിന് സമാനമായ വെളിപ്പെടുത്തലുകൾ മെയ് മാസത്തിൽ പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി അംഗമായിരുന്ന രഥിൻ റോയിയിൽ നിന്നും ഉണ്ടായിരുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. രാജ്യം ചൈനയ്‌ക്കൊപ്പമെത്താൻ പോകുന്നുവെന്ന അവകാശവാദങ്ങൾ നിലനിൽക്കേയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ മോഡിയുടെ മുഖംമൂടി അഴിച്ചെറിയുന്നതായിരുന്നു. ഇന്ത്യ ഇപ്പോഴത്തെ സാഹചര്യത്തിൽ ചൈനയോ കൊറിയയോ ആയല്ല, ലോകത്ത് വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രസീലോ ദക്ഷിണാഫ്രിക്കയോ ആകാനാണ് സാധ്യതയെന്നാണ് അദ്ദേഹം ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചത്.
ഇതിന് പുറമെ രാജ്യത്തിന്റെ ഗുരുതരമായ തൊഴിലില്ലായ്മാ നിരക്ക് മറച്ചുവെച്ചത് സംബന്ധിച്ച വിവാദം കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ നിലനിൽക്കുകയാണ്. യഥാർഥ കണക്ക് മറച്ചുവെച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ മേധാവിയടക്കം രണ്ടുപേർ രാജിവെച്ചു പോയ സാഹചര്യവുമുണ്ടായിരുന്നു. തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന കണ്ടെത്തൽ മറച്ചുവെയ്ക്കുന്നതിന് കേന്ദ്രം സമ്മർദം ചെലുത്തിയതിനെ തുടർന്നായിരുന്നു അവരുടെ രാജി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഈ കണക്ക് പുറത്തു വന്നപ്പോൾ മോഡി സർക്കാരിന്റെ മറ്റൊരു കാപട്യം കൂടിയാണ് പുറത്തായത്. അതിന് ശേഷമാണ് വളർച്ചാ നിരക്ക് പെരുപ്പിക്കാൻ വ്യാജ കണക്കുകൾ സൃഷ്ടിച്ചുവെന്ന് കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ (എൻ.എസ്.എസ്.ഒ) റിപ്പോർട്ട് പുറത്തു വന്നത്. വ്യാജ കമ്പനികളുടെയും കടലാസ് സ്ഥാപനങ്ങളുടെയും കണക്കുകൾ ചേർത്താണ് വളർച്ചാ നിരക്ക് പെരുപ്പിച്ചതെന്ന അദ്ഭുതപ്പെടുത്തുന്ന വിവരവും പ്രസ്തുത റിപ്പോർട്ടിലുണ്ടായിരുന്നു.
കേന്ദ്ര സർക്കാർ പെരുപ്പിച്ചുകാട്ടിയ കണക്കുകൾ നേരത്തേ തന്നെ മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നിരുന്നു. അതെല്ലാം തള്ളുകയാണ് കേന്ദ്ര സർക്കാർ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ എൻ.എസ്.എസ്.ഒ റിപ്പോർട്ട്, സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ റിപ്പോർട്ട്, പ്രധാനമന്ത്രിയുടെ ഉപദേശകരായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം, രഥിൻ റോയി എന്നിവരുടെ തുറന്നുപറച്ചിൽ എന്നിവ കൂടിയാകുമ്പോൾ കേന്ദ്ര സർക്കാർ രാജ്യത്തെ 130 കോടിയിലധികം വരുന്ന ജനങ്ങളെ വഞ്ചിച്ചതിന്റെ ഉദാഹരണങ്ങൾ കൂടുകയാണ്. ജനങ്ങളെ വഞ്ചിക്കുകയാണ് മോഡിയും കൂട്ടരും ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഇത് ഒരുതരത്തിൽ ജനങ്ങളോട് ചെയ്യുന്ന കുറ്റകൃത്യം കൂടിയാണ്.

Latest News