റിയാദ് - അബഹയില്‍ ജനവാസ കേന്ദ്രം ലക്ഷ്യമിട്ട് ഹൂത്തികള്‍ വീണ്ടും ഡ്രോണ്‍ അയച്ചു. തിങ്കളാഴ്ച രാത്രി രണ്ടു തവണയാണ് ഡ്രോണ്‍ ആക്രമണത്തിനു ശ്രമിച്ചത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ സൗദി വ്യോമസേന വെടിവെച്ചിട്ടു.
ജനവാസ കേന്ദ്രങ്ങളും സിവിലിയന്‍ സ്ഥാപനങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തികളുടെ ശ്രമങ്ങള്‍ വിജയം കാണില്ലെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. ഹൂത്തികളുടെ ആക്രമണ ശേഷികള്‍ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങള്‍ സഖ്യസേന തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ചക്കിടെ അബഹക്കു നേരെ നാലാമത്തെ ആക്രമണമാണിത്. അബഹ അന്താരാഷ്ട്ര എയര്‍പോര്‍ട്ടും ഖമീസ് മുശൈത്തും ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സൗദി സൈന്യം പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച അബഹ എയര്‍പോര്‍ട്ടില്‍ ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരി അടക്കം 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.
അബഹ എയര്‍പോര്‍ട്ട് ആക്രമണത്തെ യു.എന്‍ രക്ഷാ സമിതി അപലപിച്ചു. അബഹ വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണവും സൗദി അറേബ്യക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന ഭീഷണിയും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ലോക സുരക്ഷക്കും സമാധാനത്തിനും ഭീഷണിയുമാണെന്ന് രക്ഷാ സമിതി പറഞ്ഞു. ഇത്തരം നീചമായ ആക്രമണങ്ങള്‍ നടത്തുന്നവരോടും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നവരോടും അതിന് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നവരോടും കണക്കു ചോദിക്കണമെന്നും രക്ഷാ സമിതി പറഞ്ഞു.
ഹൂത്തികള്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് യെമന്‍ ഗവണ്‍മെന്റ് യു.എന്‍ രക്ഷാ സമിതിയോട് ആവശ്യപ്പെട്ടു. സൗദി അറേബ്യയിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും അന്താരാഷ്ട്ര സമുദ്ര പാതകള്‍ ലക്ഷ്യമിട്ടും ഇറാന്‍ പിന്തുണയോടെ ഹൂത്തികള്‍ ആക്രമണങ്ങള്‍ തുടരുകയാണ്.
സമാധാനത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ല എന്ന സന്ദേശമാണ് ഹൂത്തികള്‍ ഇതിലൂടെ ലോകത്തിന് നല്‍കുന്നത്. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും സമാധാനപാത തെരഞ്ഞെടുക്കുന്നതിനും യെമന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും യു.എന്‍ രക്ഷാ സമിതി യോഗത്തില്‍ യു.എന്നിലെ യെമന്‍ സ്ഥിരം പ്രതിനിധി അബ്ദുല്ല അല്‍സഅദി പറഞ്ഞു.