ബന്ധുവായ ആണ്‍കുട്ടിയെ 20,000 രൂപയ്ക്ക് വിറ്റു; പ്രതി അറസ്റ്റില്‍

സഹ്‌റാന്‍പൂര്‍- ഉത്തര്‍പ്രദേശില്‍ ബന്ധുവായ അഞ്ച് വയസ്സുകാരനെ തട്ടിയെടുത്ത് 20,000 രൂപയ്ക്ക് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍. സഹറാന്‍പൂര്‍ ജില്ലയിലാണ് സംഭവം. ഒരു മണിക്കൂറിനകം കൂട്ടിയെ രക്ഷപ്പെടുത്തിയ പോലീസ് പ്രതിയുടെ പക്കല്‍ 19,000 രൂപ കണ്ടെത്തി.

അറസ്റ്റിലായ പ്രതി പ്രവീണ്‍ കുട്ടിയുടെ ബന്ധുവാണെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് ദിനേഷ് കുമാര്‍ പറഞ്ഞു. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് ഭാര്യ രേണുവിനോടൊപ്പം സലോണി ഗ്രാമത്തിലെ വീട്ടില്‍ എത്തിയ പ്രവീണ്‍ കുട്ടിയെ സമീപ ഗ്രാമമായ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. മൂന്ന് പെണ്‍മക്കളുള്ള ദമ്പതികള്‍ക്കാണ് പ്രവീണ്‍ ആണ്‍കുട്ടിയെ വിറ്റത്. മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചതോടെ പോലീസ് പ്രവീണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

കുറ്റം സമ്മതിച്ച ഇയാളുമായി സുല്‍ത്താന്‍പൂരിലെത്തി കുട്ടിയെ രക്ഷിച്ചെങ്കിലും കുട്ടിയെ വാങ്ങിയ ദമ്പതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

 

Latest News