തൃശൂര്‍- അഞ്ചു കിലോ കഞ്ചാവുമായി ചാവക്കാട് സ്വദേശിനി പിടിയില്‍.
കുടുംബവുമൊത്ത് സ്ഥിരമായി കാറില്‍ സഞ്ചരിച്ച് കഞ്ചാവ് കടത്തുന്നതാണ് യുവതിയുടെ രീതി. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തോട്ടക്കര വീട്ടില്‍ സുനീറ(36)യെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.ബാലകൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തന്ത്രപരമായ നീക്കത്തിനൊടുവില്‍ പടിഞ്ഞാറെ നടയില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നിരുന്നത്. പോലീസിനോ എക്‌സൈസിനോ സംശയം തോന്നാതിരിക്കാനായി ഭര്‍ത്താവും മക്കളുമൊത്ത് കാറിലാണ് ഇവര്‍ കഞ്ചാവ് കടത്തിയിരുന്നത്. കുടുംബവുമൊത്ത് വരികയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പലപ്പോഴും പോലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ടതായി പ്രതി സമ്മതിച്ചു. പതിനായിരം രൂപക്ക് കോയമ്പത്തൂരില്‍ നിന്ന് കൊണ്ടുവരുന്ന രണ്ട് കിലോ കഞ്ചാവ് 24,000 രൂപക്ക് തീരമേഖല കേന്ദ്രീകരിച്ച് വില്‍പന നടത്തുകയായിരുന്നു ഇവരുടെ രീതി. കൂടാതെ രണ്ട് ഗ്രാം 500 രൂപ നിരക്കില്‍ ചില്ലറ വില്‍പനയും നടത്തി വന്നിരുന്നു. അസിസ്റ്റന്‍ഡ് എക്‌സൈസ് കമ്മീഷണര്‍ ആര്‍.ഗോപകുമാര്‍, സി.ഐ നസീമുദ്ധീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു മാസത്തോളമായി ഇവരുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് വരികയായിരുന്നു. അഞ്ച് വര്‍ഷത്തോളമായി കഞ്ചാവ് വില്‍പന നടത്തി വന്നിരുന്ന പ്രതിക്ക് കേരളത്തിനകത്തും പുറത്തുമുള്ള വില്‍പന സംഘങ്ങളുമായി ബന്ധമുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീരമേഖല കേന്ദ്രീകരിച്ച് വാടക വീടുകളില്‍ മാറി താമസിച്ചാണ് ഇവര്‍ വില്‍പന നടത്തി വന്നിരുന്നത്. സംഘത്തില്‍ ഉള്‍പ്പെടുന്ന കൂടുതല്‍ പേര്‍ക്കായി എക്‌സൈസ് അന്വേഷണം ഊര്‍ജിതമാക്കി.