Sorry, you need to enable JavaScript to visit this website.

പി.ടി.എ പ്രസിഡന്റ് അപമാനിച്ചു; അധ്യാപിക വനിതാ കമ്മീഷനില്‍

കോട്ടക്കല്‍- പി.ടി.എ പ്രസിഡന്റ് അപമാനകരമായി പെരുമാറിയെന്നും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും ചൂണ്ടിക്കാട്ടി അധ്യാപിക വനിതാ കമ്മീഷന് പരാതി നല്‍കി. കോട്ടക്കല്‍ ജി.യു.പി സ്‌കൂളിലെ അധ്യാപികയാണ് പരാതി നല്‍കിയത്. വിവാഹം കഴിഞ്ഞ് നാലാംമാസം പ്രസവാവധിയോ എന്നു പറഞ്ഞാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്നും പരാതിയില്‍ പറയുന്നു.
വിവാഹം രജിസ്റ്റര്‍ ചെയ്യാതെ യുവാവുമൊത്തു താമസിച്ചെന്നു പറഞ്ഞാണ് തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നതെന്ന് പരാതിയില്‍ പറയുന്നു. സാങ്കേതിക പ്രശ്‌നം കാരണം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതാണെന്ന് പറഞ്ഞെങ്കിലും ഇത് അംഗീകരിക്കുന്നില്ല. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്ന അധ്യാപിക ഈ വര്‍ഷം ജോലിക്കെത്തിയപ്പോഴാണ് പിരിച്ചുവിട്ട വിവരം അറിഞ്ഞത്. വിവാഹ മോചിതയായ അധ്യാപിക അമ്മ അര്‍ബുദം ബാധിച്ചു മരിച്ചതോടെ ഒറ്റയ്ക്കായിരുന്നു. തുടര്‍ന്നു ബന്ധുക്കളുടെ അംഗീകാരത്തോടെ കോട്ടക്കല്‍ പറപ്പൂര്‍ സ്വദേശിയെ വിവാഹം ചെയ്തു. വിവാഹ മോചനത്തിന്റെ രേഖകള്‍ ശരിപ്പെടാത്തതു  കാരണം രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വൈകി. ഇതിനെയാണ്  വിവാഹം കഴിഞ്ഞു നാലാംമാസം പ്രസവാവധി നല്‍കിയെന്ന വിധത്തില്‍ വ്യാഖ്യാനിച്ച് അപമാനിച്ചതെന്ന് അധ്യാപിക പറയുന്നു. തുടര്‍ന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പി.ടി.എ മീറ്റിംഗില്‍ അനുകൂല തീരുമാനമെടുത്ത് അധ്യാപികയെ തിരിച്ചെടുക്കണമെന്ന് ഡി.ഇ.ഒ പറഞ്ഞിരുന്നു. എന്നാല്‍ ഈ യോഗത്തിലും പി.ടി.എ പ്രസിഡന്റ് അപമാനിച്ച് സംസാരിച്ചെന്ന് ആരോപിച്ച് അധ്യാപിക വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.

 

Latest News