മുഹമ്മദ് ഷായെ അറിയുന്ന ആരെങ്കിലും സൗദിയിലുണ്ടോ?

ജിദ്ദ- സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളിയാണ് മുഹമ്മദ് ഷാ.
ജുബൈലിലായിരുന്നു അപകടമെന്നറിയാം. ഒമ്പതു വര്‍ഷമായെങ്കിലും ഈ വാഹനാപകടത്തില്‍ ഇതുവരെ നഷ്ടപരിഹാരം ലഭ്യമായിട്ടില്ല. 

ഏതാണ്ട് ഒമ്പത് വര്‍ഷം മുമ്പ് നടന്ന അപകടം എന്നല്ലാതെ കൃത്യം തീയതിയില്ല, ജോലിസ്ഥലം വ്യക്തമല്ല, വിശദമായ വിലാസമില്ല, എംബസിയിലെ ഫയല്‍ നമ്പറില്ല, ബന്ധപ്പെട്ടിരുന്ന ജുബൈലിലെയോ നാട്ടിലെയോ വ്യക്തികളുടെ നമ്പറില്ല.
മുഹമ്മദ് ഷാ മരിച്ച അപകടത്തെ കുറിച്ചോ അതിനുശേഷം സ്വീകരിച്ച നടപടികളെ കുറിച്ചോ അറിയാവുന്ന ആരെങ്കിലും സൗദിയിലുണ്ടെങ്കില്‍ സ്‌പോണ്‍സറെ കണ്ടെത്താനും നഷ്ടപരിഹാരം തേടാനും വഴി തുറക്കുമെന്ന് ദമാമില്‍ മലയാളം ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടറായിരുന്ന പി.എ.എം. ഹാരിസ് പറയുന്നു.

നാട്ടില്‍നിന്ന് ഹാരിസ് ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ് ഇവിടെ വായിക്കാം.

മലയാള മനോരമ പത്രത്തിന്റെ കോഴിക്കോട് എഡിഷന്‍ പ്രാദേശിക പേജില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു വാര്‍ത്ത കണ്ടു.
സൗദിയിലെ അപകടമരണം: നഷ്ടപരിഹാരം ലഭ്യമായില്ല എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത വയോധികനായ ഗഫൂര്‍ ഷാ സൗദിയിലെ ജുബൈലില്‍ വാഹനാപകടത്തില്‍ മരിച്ച മകന്റെ നഷ്ടപരിഹാരം കാത്തിരിക്കുന്നുവെന്നതായിരുന്നു.
സൗദിയും ജുബൈലും ആയതിനാല്‍ വാര്‍ത്ത പ്രത്യേകം ശ്രദ്ധിച്ചു. കൂടുതല്‍ വിവരങ്ങളൊന്നും വാര്‍ത്തയില്‍ നല്‍കിയിരുന്നില്ല.

വാര്‍ത്തയുടെ ആദ്യഭാഗം ഇങ്ങിനെ:
'' ഗഫൂര്‍ ഷായുടെ സ്വപ്‌നവും ജീവിതവുമെല്ലാം ഏക മകന്‍ മുഹമ്മദ് ഷാ ആയിരുന്നു. 9 വര്‍ഷം മുമ്പ് സൗദിയിലെ ജുബൈലില്‍ വാഹനാപകടത്തില്‍ മരിച്ച മുഹമ്മദിന്റെ ഓര്‍മകളുമായി ജീവിക്കുമ്പോള്‍ ഗഫൂറിനെ വേദനിപ്പിക്കുന്ന മറ്റൊന്ന് കൂടിയുണ്ട്. മകന്റെ മരണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ഇനിയും നിഷേധിക്കുന്ന അനീതിയുടെ വേദന. ഇത്രയും കാലം തുടര്‍ച്ചയായി ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. .....''

ഏതാണ്ട് ഒമ്പത് വര്‍ഷം മുമ്പ് നടന്ന അപകടം എന്നല്ലാതെ കൃത്യം തീയതിയില്ല, ജോലിസ്ഥലം വ്യക്തമല്ല, വിശദമായ വിലാസമില്ല, എംബസിയിലെ ഫയല്‍ നമ്പറില്ല, ബന്ധപ്പെട്ടിരുന്ന ജുബൈലിലെയോ നാട്ടിലെയോ വ്യക്തികളുടെ നമ്പറില്ല.

ഈ വിശദാംശങ്ങള്‍ തേടി കോഴിക്കോട് മനോരമ ഓഫീസില്‍ വിളിച്ചു, കോഴിക്കോട് ബ്യൂറോയിലും ബന്ധപ്പെട്ടുവെങ്കിലും വാര്‍ത്തയില്‍ നല്‍കിയതിനപ്പുറം ഒരു വിവരവും അവരുടെ പക്കല്‍ ഇല്ലായിരുന്നു.

ഫ്രാന്‍സിസ് റോഡിലെ ഒരു കെട്ടിടത്തിലാണ് താമസം എന്ന് മാത്രമാണ് വാര്‍ത്തയില്‍ നിന്നും വ്യക്തമായത്. അവിടെ ഇപ്പോള്‍ സ്ഥിര താമസമില്ലെന്ന്് അന്വേഷണത്തില്‍ വിവരം കിട്ടി.
മലയാളം ന്യൂസ് പ്രതിനിധിയായിരുന്ന റഊഫ് മേലത്ത്, സാബു മേലേതില്‍ (ഗള്‍ഫ് മാധ്യമം), അബ്ദുല്‍ കരീം ഖാസിമി, ശംസുദ്ദീന്‍ ചെട്ടിപ്പടി തുടങ്ങി ജുബൈലിലെ മാധ്യമ പ്രവര്‍ത്തകരുമായും സാമൂഹിക പ്രവര്‍ത്തകരുമായും ബന്ധപ്പെട്ടുവെങ്കിലും കൃത്യമായ വിവരം ഇത് വരെ ലഭ്യമായില്ല.

കോഴിക്കോട് എംപി മുഖേന എംബസിയില്‍ പരാതി നല്‍കിയെന്ന് വാര്‍ത്തയിലുണ്ടായിരുന്നു. സൗദി ഒ.ഐ.സി.സി പ്രസിഡന്റ് കൂടിയായ സുഹൃത്ത് പിഎം നജീബിന് വിവരം നല്‍കി. അദ്ദേഹം കോഴിക്കോട്ട് എംപിയുടെ ഓഫീസില്‍ അന്വേഷിച്ചുവെങ്കിലും ഈ അപകടത്തിന്റെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകളുടെ ഒരു വിവരവും ലഭിച്ചില്ല.

റിയാദിലെ ഐഎസ്എഫ് വെല്‍ഫെയര്‍ വിഭാഗം പ്രതിനിധി കൂടിയായ സാമൂഹിക പ്രവര്‍ത്തകന്‍ മുനീബ് പാഴൂരിന്റെ സഹായത്തോടെ എംബസിയില്‍ വിവരം തേടി. പ്രാഥമിക അന്വേഷണത്തില്‍ വിവരം കിട്ടിയില്ല. ഫയല്‍ നമ്പറെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ഉപകാരമായിരുന്നുവെന്ന് മുനീബ് അറിയിച്ചു.

അപകടത്തില്‍ മരിച്ച മുഹമ്മദ് ഷായെക്കുറിച്ചോ അദ്ദേഹത്തിന്റെ ജോലി,
സ്‌പോണ്‍സര്‍, അപകടം നടന്ന സ്ഥലം, തീയതി, വാഹനാപകട കേസ് എന്നിവ സംബന്ധിച്ചോ എന്തെങ്കിലും അറിയാവുന്നവര്‍ വിവരം നല്‍കിയാല്‍ ഉപകാരമായിരുന്നു. ജുബൈലിലെ സുഹൃത്തുക്കള്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് കരുതുന്നു.

ഗഫൂര്‍ഷായുടെ പക്കല്‍ രേഖകള്‍ ഉണ്ടെന്ന് മനോരമ ലേഖകന്‍ പറഞ്ഞിരുന്നു. നാട്ടില്‍ അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചാലും ഉപകാരപ്പെടും. കൊടുവള്ളി, താമരശ്ശേരി ഭാഗത്താണ് ഇപ്പോള്‍ താമസമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

മകന്റെ മരണത്തില്‍ നഷ്ടപരിഹാരമായി തുക ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കില്‍ അത് ലഭിക്കാനും പിതാവിന് എത്തിച്ചുകൊടുക്കാനും നമുക്ക് കൂട്ടായി ശ്രമിക്കാം.

 

 

Latest News