റിയാദ് - മറ്റു രാജ്യങ്ങളുടെ പരമാധികാരം സൗദി അറേബ്യ മാനിക്കുന്നുവെന്നും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഇതേ നിലപാടാണ് മറ്റു രാജ്യങ്ങളില്‍നിന്ന് സൗദി അറേബ്യ പ്രതീക്ഷിക്കുന്നതെന്നും ശര്‍ഖുല്‍ ഔസത്ത് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സൗദിയിലെ മാറ്റങ്ങള്‍ക്ക് സൗദി പൗരന്മാരാണ് നേതൃത്വം നല്‍കുന്നത് എന്നതില്‍ അഭിമാനമുണ്ട്. വലിയ തോതിലുള്ള മാറ്റങ്ങള്‍ അടങ്ങിയതിനാല്‍ വിഷന്‍ 2030 പദ്ധതി ക്ക് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമെന്ന് പലരും ഭയപ്പെട്ടിരുന്നു. വിഷന്‍ 2030 പദ്ധതി ഫലങ്ങള്‍ നല്‍കി തുടങ്ങിയെന്നും കിരീടാവകാശി പറഞ്ഞു.
സൗദി പൗരന്മാര്‍ക്കാണ് ഭരണകൂടം മുന്‍ഗണന നല്‍കുന്നത്. മറ്റുള്ളവര്‍ പറയുന്ന വസ്തുതയില്ലാത്ത കാര്യങ്ങള്‍ക്കും നിലപാടുകള്‍ക്കും ഭരണകൂടം ചെവികൊടുക്കില്ലെന്ന് അമേരിക്കയിലെ ചില ഏജന്‍സികളും വകുപ്പുകളും നടത്തുന്ന സൗദി വിരുദ്ധ പ്രസ്താവനകളെയും പ്രചാരണങ്ങളെയും കുറിച്ച ചോദ്യത്തിന് മറുപടിയായി കിരീടാവകാശി പറഞ്ഞു.
സൗദി വിരുദ്ധ പ്രസ്താവനകളും പ്രചാരണങ്ങളും ഇരു രാജ്യങ്ങളുടെയും പൊതുതാല്‍പര്യങ്ങള്‍ക്ക് ഒരിക്കലും ഗുണം ചെയ്യില്ല. കൃത്യമായ വിവരങ്ങളെ അവലംബിക്കാത്ത ഇത്തരം പ്രചാരണങ്ങള്‍ സൗദി അറേബ്യ മുമ്പും നേരിട്ടിട്ടുണ്ട്.
അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധത്തെ ഏറെ പ്രാധാന്യത്തോടെയാണ് സൗദി കാണുന്നത്. മേഖലയുടെ സുരക്ഷാ ഭദ്രതക്ക് ഇത് അടിസ്ഥാന ഘടകമാണ്. മാധ്യമ പ്രചാരണങ്ങളോ ആരെങ്കിലും പ്രകടിപ്പിക്കുന്ന നിലപാടുകളോ അമേരിക്കയുമായുള്ള സൗദി അറേബ്യയുടെ തന്ത്രപ്രധാന ബന്ധങ്ങളെ ബാധിക്കില്ലെന്ന് തനിക്ക് വിശ്വാസമുണ്ട്.
അമേരിക്കയിലും മറ്റു രാജ്യങ്ങളിലുമുള്ള ചില കക്ഷികളുടെ തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനും യാഥാര്‍ഥ്യം വിശദീകരിക്കുന്നതിനും സൗദി അറേബ്യ എന്നും ശ്രമിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ മുന്നോട്ടു വെക്കുന്ന പ്രസക്തമായ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കും. വസ്തുനിഷ്ഠവും യുക്തിസഹവുമായ അഭിപ്രായ, നിര്‍ദേശങ്ങള്‍ പ്രയോജനപ്പെടുത്തും. എന്നാല്‍ ദേശീയ താല്‍പര്യങ്ങള്‍ക്കും രാജ്യത്തെ പൗരന്മാര്‍ക്കുമാണ് രാജ്യം മുന്‍ഗണന നല്‍കുക.
രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുക സ്വാഭാവികമാണ്. ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടെയും പ്രധാന സഖ്യരാജ്യങ്ങളുമായി ഒരുമിച്ചു പോകുന്നതിന് സൗദി അറേബ്യക്ക് മുന്‍കാലങ്ങളില്‍ കഴിഞ്ഞിട്ടുണ്ട്.
സുഡാന്റെ സുരക്ഷയും ഭദ്രതയും സൗദി അറേബ്യ ആഗ്രഹിക്കുന്നു. അഭിവൃദ്ധിയും വികസനവും പുരോഗതിയും കൈവരിക്കുന്നതിന് സാധിക്കുന്നതിന് വ്യത്യസ്ത മേഖലകളില്‍ സുഡാന് സൗദി അറേബ്യ പിന്തുണ നല്‍കുമെന്നും കിരീടാവകാശി പറഞ്ഞു.