തൃശൂര്‍ - തൃപ്രയാര്‍ തളിക്കുളം ഇടശ്ശേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ 11 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടശ്ശേരി പടിഞ്ഞാറ് വാടകക്ക് താമസിക്കുന്ന അഞ്ചലശേരി സന്തോഷിന്റെ മകള്‍ ലതികയെയാണ് വീട്ടുപറമ്പിലെ കുളിമുറിയുടെ വാതിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അച്ഛനും അമ്മയും ജോലിക്ക് പോയ ശേഷം രാവിലെ പതിനൊന്നരയോടെ സഹോദരങ്ങള്‍ക്കൊപ്പം ടി.വി. കണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പുറത്തിറങ്ങിയ ശേഷം കാണാതാവുകയായിരുന്നു.
തുടര്‍ന്ന് സഹോദരങ്ങളും അയല്‍ക്കാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിമുറിക്കുള്ളില്‍ മൃതദേഹം കണ്ടത്. കുളിമുറിയുടെ വാതിലില്‍ തുണി ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് മുട്ടുകുത്തി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വീടിനകത്തുണ്ടായ കത്രിക കുളിമുറിയില്‍ നിന്നും കണ്ടെത്തി. വാടാനപ്പള്ളി സി.ഐ.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും ഫോറന്‍സിക്ക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. തളിക്കുളം എ.എം.യു.പി. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ലതിക.






