Sorry, you need to enable JavaScript to visit this website.

മോഡി ധൈര്യം കാണിക്കണം; രാമക്ഷേത്രത്തിന് ശിവസേന സമ്മര്‍ദം തുടങ്ങി

അയോധ്യ- സര്‍ക്കാര്‍ ശക്തമായിരിക്കയാണെന്നും രാമക്ഷേത്ര നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ശിവേനാ മേധാവി  ഉദ്ദവ് താക്കറെ. പ്രധാനമന്ത്രി മോഡിക്ക് അതിനുള്ള ധൈര്യമുണ്ടെന്നും അദ്ദേഹത്തെ തടയാന്‍ ആര്‍ക്കുമാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ തര്‍ക്കം ദീര്‍ഘകാലമായി കോടതിയിലാണ്. അതുകൊണ്ടുതന്നെ നിയമ നിര്‍മാണത്തിലൂടെ രാമക്ഷേത്ര നിര്‍മാണം നടത്തണം. കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്താല്‍ അതിനെ തടയാന്‍ ആര്‍ക്കുമാവില്ല. ശിവസേന മാത്രമല്ല, ലോകം മുഴുവനുമുള്ള ഹിന്ദുക്കള്‍ അതിനൊപ്പം നില്‍ക്കും. ജനങ്ങളുടെ വികാരം മാനിക്കേണ്ടതുണ്ടെന്നും അയോധ്യയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉദ്ദവ് താക്കറെ പറഞ്ഞു. ശിവസേനയുടെ 18 എം.പിമാര്‍ക്കൊപ്പം അയോധ്യയില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് ഉദ്ദവ് വാര്‍ത്താ സമ്മേളനം നടത്തിയത്. മകന്‍ ആദിത്യ താക്കറെയോടൊപ്പം അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രത്തിലുള്ള രാം ലല്ലക്കുമുന്നില്‍ അദ്ദേഹം പ്രാര്‍ഥിച്ചു.

രാമജന്മഭൂമി - ബാബരി മസ്ജിദ് കേസിലെ ഭൂമിതര്‍ക്കം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ശിവസേന മേധാവിയുടെ അയോധ്യ സന്ദര്‍ശനം. മഹാരാഷ്ട്രയില്‍ ഈ വര്‍ഷം  നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി തന്റെ അയോധ്യാ സന്ദര്‍ശനത്തിനു ബന്ധമില്ലെന്ന് ഉദ്ദവ് താക്കറെ ചോദ്യത്തിനു മറുപടി നല്‍കി.

രാമക്ഷേത്രമെന്നത് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

 

Latest News