റിയാദ്- സൗദി അറേബ്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ രാജ്യത്തിനുനേരെയുള്ള ഭീഷണികള്‍ ചെറുക്കുന്നതില്‍ ഒട്ടും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
മേഖലയില്‍ ഒരു യുദ്ധം സൗദി അറേബ്യ ആഗ്രഹിക്കുന്നില്ല. പക്ഷേ സൗദി ജനതക്കും പരമാധികാരത്തിനുമെതിരായ ഭീഷണികളെ കൈകാര്യ ചെയ്യുന്നതില്‍ രാജ്യം മടി കാണിക്കില്ല- ശര്‍ഖുല്‍ ഔസത്ത് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ കിരീടാവകാശി പറഞ്ഞു.
ജപ്പാന്‍ പ്രധാനമന്ത്രി അതിഥിയായി തെഹ്‌റാനില്‍ എത്തിയതിനെ ഇറാന്‍ മാനിച്ചില്ല. അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരിക്കെയാണ് രണ്ട് എണ്ണ ടാങ്കറുകള്‍ ആക്രമിക്കാന്‍ ശ്രമം നടന്നത്. ഇതിലൊന്ന് ജപ്പാന്റേതായിരുന്നു.
ഇറാന്‍ ഈയിടെയായി നടത്തിയ ആക്രമണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉറച്ച നടപടികളുണ്ടാകണം. ആണവ കരാറിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക നേട്ടങ്ങള്‍ മേഖലയില്‍ ശത്രുതാപരമായ നടപടികള്‍ വ്യാപിപ്പിക്കാനും അരാജകത്വം വളര്‍ത്താനുമാണ് ഇറാന്‍ ഉപയോഗിച്ചത്.
യെമനില്‍ രാഷ്ട്രീയ പരിഹരമുണ്ടാക്കുന്നതിനെയാണ് സൗദി അറേബ്യ പിന്തുണക്കുന്നതെന്ന് കിരീടാവകാശി വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാം.