ഹാഫിള് ജുനൈദിന്റെ വിയോഗം വിശ്വസിക്കാനാവാതെ ഹരിയാന ഗ്രാമം
ഖാദ്വാളി (ഹരിയാന) ട്രെയിൻ കമ്പാർട്ട്‌മെന്റിൽ ഒരു സംഘമാളുകൾ കുത്തിക്കൊന്ന പതിനാറുകാരൻ ജുനൈദിന്റെ വേർപാട് വിശ്വസിക്കാനാവാതെ ഖാദ്വാളി ഗ്രാമം. ഗ്രാമത്തിലെ ആരും ഞെട്ടലിൽനിന്ന് ഇനിയും മുക്തമായിട്ടില്ല.
അവൻ ഒരു കുട്ടിയല്ലേ. 16 വയസ്സല്ലേ ആയുള്ളൂ. ഇങ്ങനെ ക്രൂരമായി കൊലപ്പെടുത്താൻ എങ്ങനെ അവർക്ക് സാധിച്ചുവെന്ന് ചോദിച്ച് പിതാവ് ജലാലുദ്ദീൻ പൊട്ടിക്കരയുന്നു.
ബുധനാഴ്ച വൈകുന്നേരമാണ് ഖുർആൻ മനഃപാഠമാക്കി ഹാഫിളുകളായ ജുനൈദും സഹോദരൻ ഹാഷിമും ഉമ്മയിൽനിന്ന് സമ്മാനമായി 1500 രൂപ വീതം സ്വീകരിച്ചത്. മൂന്ന് വർഷം പഠിച്ച് ഹാഫിളുകളായ ശേഷമുള്ള ഇരുവരുടേയും ആദ്യ പെരുന്നാളാണ്. ദൽഹിയിൽ പോയി വസ്ത്രങ്ങൾ വാങ്ങി ജുമാ മസ്ജിദും സന്ദർശിച്ച് വൈകിട്ട് തന്നെ തിരിച്ചെത്തുമെന്നാണ് ഉമ്മയോട് പറഞ്ഞിരുന്നത്. പക്ഷേ, ഒരാളേ തിരികെ വീട്ടിലെത്തിയുള്ളൂ.
മഥുരയിലേക്കുള്ള ട്രെയിൻ കമ്പാർട്ട്‌മെന്റിൽ സീറ്റിനെ ചൊല്ലി ആരംഭിച്ച തർക്കം മതവിദ്വേഷമായി മാറിയതിനെ തുടർന്നാണ് ജനൈദ് കുത്തേറ്റ് മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ബീഫ് തീറ്റക്കാരെന്നാരോപിച്ചാണ് ഒരു സംഘം ജുനൈദിനേയും സഹോദരനേയും മർദിച്ചത്.
ദൽഹി ഓഖ്‌ലക്കും ഹരിയാന അസോത്തിക്കും ഇടയിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ കൊച്ചു ഗ്രാമമാണ് ഖാദ്വാളി. അക്രമികൾ തങ്ങളെ ദേശ വിരുദ്ധരെന്നും ബീഫ് തീറ്റക്കാരെന്നും വിളിച്ചിരുന്നതായി പരിക്കേറ്റവർ പറഞ്ഞു. മുല്ല എന്നു വിളിച്ച് തൊപ്പി ഊരിയെറിയുകയും താടി പിടിച്ചു വലിക്കുകയും ചെയ്തിരുന്നു.
കൈവരിച്ച നേട്ടത്തിന് പെരുന്നാൾ ദിനത്തിൽ പ്രത്യേകം ആദരിക്കുമെന്നതിനാൽ ജുനൈദ് വളരെ ആഹ്ലാദത്തിലായിരുന്നു. റമദാൻ ആരംഭിച്ചതു മുതൽ സഹോദരൻ ഹാഷിമിനോടൊപ്പം എല്ലാ ദിവസവും പള്ളിയിൽ പോയി ഖുർആൻ പാരായണം ചെയ്യുമായിരുന്നു. ചടങ്ങുള്ളതിനാലാണ് കുറച്ചുകൂടി നല്ല വസ്ത്രങ്ങൾ വാങ്ങാൻ ദൽഹിക്ക് പോയത്. പെരുന്നാളിനായി മധുരം വാങ്ങാൻ മാതാവ് പ്രത്യേകം ഏൽപിക്കുകയും ചെയ്തിരുന്നു.
വേഗം വരുമെന്ന് പറഞ്ഞാണ് അവൻ പോയത്. പക്ഷേ വീട്ടിലെത്തിയത് അവന്റെ മയ്യിത്താണ്. ഇത്രമാത്രം ക്രൂരത കാണിക്കാൻ അവർക്ക് എങ്ങനെ സാധിക്കുന്നു -പിതാവ് ജലാലുദ്ദീൻ ചോദിച്ചു.
നോമ്പ് തുറക്കുന്നതിനായി മക്കളെ കൂട്ടാൻ ജലാലുദ്ദീൻ ബല്ലാബ്ഗഢ് റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. പക്ഷേ, അപ്പോഴേക്കും ട്രെയിൻ പോയിക്കഴിഞ്ഞിരുന്നു. സംഭവം അറിഞ്ഞ ജുനൈദിന്റെ മൂത്ത സഹോദരൻ സാക്കിർ സ്‌റ്റേഷനിലെത്തി പിതാവിനെ അറിയിക്കാതെ ട്രെയിനിൽ കയറി പോകുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ വരെ ജുനൈദിന്റെ മാതാവ് സൈറയെ വിവരം അറിയിച്ചിരുന്നില്ല. രാവിലെ ഗ്രാമത്തിലെ സ്ത്രീകൾ ആശ്വസിപ്പിക്കാനെത്തിയപ്പോൾ അവർ അത്ഭുതപ്പെട്ടു.
മക്കൾ ഹാഫിളുകളായ ഇക്കുറിയായിരുന്നു ഞങ്ങൾക്ക് ശരിക്കും പെരുന്നാൾ. പക്ഷേ എല്ലാം പോയി- കരച്ചിലടക്കാനാവതെ സൈറ പറഞ്ഞു.