Sorry, you need to enable JavaScript to visit this website.

ലിച്ചി വിഷബാധയെന്നു സംശയം; ബിഹാറിൽ മസ്തിഷ്ക ജ്വരത്താൽ മരിച്ച കുട്ടികളുടെ എണ്ണം 66 ആയി 

മുസാഫർപുർ - ബിഹാറിലെ മുസാഫർപുരിൽ ദുരൂഹ സാഹചര്യത്തിൽ മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 66 ആയി. ജ്വരത്തിനുള്ള യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായില്ലെങ്കിലും ലിച്ചി പഴത്തിൽ നിന്നുള്ള വിഷബാധയാണെന്നാണ് വിദഗ്ദർ പറയുന്നത്. 

തലച്ചോറിൽ പഴുപ്പ് നിറയുന്ന തീവ്ര മസ്തിഷ്ക ജ്വരമാണ് കുട്ടികളിൽ പടരുന്നത്. വെറും വയറ്റിൽ ലിച്ചി കഴിക്കുന്നതാണ് ജ്വരത്തിന് കാരണമായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ലിച്ചിയിൽ അടങ്ങിയിരിക്കുന്ന 'ഹൈപ്പോഗ്ലൈസീൻ എ' യും 'മെഥിലീൻ സൈക്ലൊപ്രൊപൈൽ ഗ്ലൈസീനും' വിഷാംശങ്ങളാണെന്നും ഇവ വെറും വയറ്റിൽ കഴിക്കുന്നത് തലച്ചോറിൽ അണുബാധയുണ്ടാക്കാൻ കാരണമാകുന്നുവെന്നും പഠനങ്ങളുണ്ടെന്ന്  അവർ ചൂണ്ടിക്കാണിക്കുന്നു. ദരിദ്രർ താമസിക്കുന്ന ഇവിടങ്ങളിൽ കുട്ടികൾ ധാരാളം ലിച്ചി കഴിക്കുന്നതാകാം ഈ ജ്വരം പിടിപെടുന്നതിനു പിന്നിൽ എന്നാണ് അവരുടെ വിലയിരുത്തൽ. 

ലിച്ചി പഴങ്ങൾ നിറയെ ഉണ്ടാകുന്ന സ്ഥലമാണ് മുസാഫർപുർ. ലിച്ചി പഴങ്ങളുടെ ഇന്ത്യയിലെ  കേന്ദ്രവും ഇവിടെയാണ്.32,000 ഹെക്ടറുകളിലായി 300000 മെട്രിക് ടൺ ലിച്ചിയാണ് കഴിഞ്ഞ വർഷം മുസാഫർപുരിൽ ഉല്പാദിപ്പിച്ചത്. 

അഭ്യൂഹത്തെ തുടർന്ന് കുട്ടികൾക്ക് വെറും വയറ്റിൽ ലിച്ചി കൊടുക്കരുതെന്ന് നിതീഷ് കുമാർ ഗവണ്മെന്റ് പൊതുജനങ്ങളോട് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. പച്ചയായ ലിച്ചി പഴങ്ങളും  പ്രശ്നമാണെന്നും അവ യാതൊരു കാരണവശാലും കഴിക്കരുതെന്നും ആരോഗ്യ വകുപ്പും നിർദേശിച്ചിട്ടുണ്ട്. രക്തത്തിൽ ഗ്ലൂക്കോസ് നില ഗുരുതരമായ രീതിയിൽ താഴ്ന്ന് 'ഹൈപ്പോഗ്ലൈസീമിയ' പിടി പെടാനും ഇതിടയാക്കും. കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ ഈ മാസം 22 വരെ സ്‌കൂളുകൾ അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. 

 

Latest News