തെരഞ്ഞെടുപ്പ് അഴിമതി: മധ്യപ്രദേശ് മന്ത്രിയെ അയോഗ്യനാക്കി

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പു ചെലവില്‍ തിരിമറി കാട്ടിയതിന് മധ്യപ്രദേശ് മന്ത്രിസഭയിലെ പ്രമുഖനായ ജലവിവഭവ മന്ത്രിയെ ഇലക്്ഷന്‍ കമ്മീഷന്‍ അയോഗ്യനാക്കി. 2008-ലെ തെരഞ്ഞെടുപ്പുകാലത്തെ ചെലവു കണക്കില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയ മന്ത്രി നരോത്തം മിശ്രയെയാണ്  കമ്മീഷന്‍ അയോഗ്യനാക്കിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് മൂന്നു വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഇതോടെ, 2018ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മിശ്രയ്ക്ക് മത്സരിക്കാനാകില്ലെന്ന് ഉറപ്പായി. ദാത്തിയ മണ്ഡലത്തില്‍നിന്നുള്ള ജനപ്രതിനിധിയാണ് മിശ്ര.
തെരഞ്ഞെടുപ്പു കാലത്ത് മിശ്രയും സംഘവും പെയ്ഡ് ന്യൂസുകള്‍ക്കായി ചെലവാക്കിയ പണം കമ്മീഷന് സമര്‍പ്പിച്ച ചെലവിനത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് കാട്ടി കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ രാജേന്ദ്ര ഭാരതിയാണ് പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ വിശദീകരണം തേടി 2013 ജനുവരിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ മിശ്രക്ക് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍, മിശ്ര ഇതിനു മറുപടി നല്‍കിയില്ല.
തുടര്‍ന്ന് തനിക്കെതിരായ പരാതി പരിഗണിക്കുന്നതില്‍നിന്ന് കമ്മീഷനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് മിശ്ര മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ചിനെ സമീപിച്ച് സ്‌റ്റേ സമ്പാദിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെതിരായ കേസിന്റെ വെളിച്ചത്തിലായിരുന്നു സ്റ്റേ. എന്നാല്‍ വസ്തുതകള്‍ പരിശോധിച്ച കോടതി പിന്നീട് സ്റ്റേ നീക്കി.
തുടര്‍ന്ന് മിശ്ര പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ആശ്വാസം ലഭിച്ചില്ല.  ബന്ധപ്പെട്ട രേഖകള്‍ രാജേന്ദ്ര ഭാരതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് മിശ്രക്കെതിരായ നടപടികള്‍ തുടരാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മിശ്രയെ വിളിച്ചുവരുത്തി  വിശദീകരണം തേടിയെങ്കിലും പെയ്ഡ് ന്യൂസ് സംബന്ധിച്ച കണക്കുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്ന് കമ്മീഷന്‍ സ്ഥിരീകരിച്ചു. യഥാസമയം കണക്ക് ഹാജരാക്കാത്ത ജനപ്രതിനിധികള്‍ക്ക് അയോഗ്യത കല്‍പിക്കാന്‍ കമ്മീഷന് അധികാരമുണ്ട്. പെയ്ഡ് ന്യൂസിന് ചെലവാക്കിയ പണം കണക്കില്‍ ചേര്‍ക്കാത്തതാണ് വിനയായത്.
ശിവരാജ് സിംഗ് ചൗഹാന്‍ നേതൃത്വം നല്‍കുന്ന മധ്യപ്രദേശ് മന്ത്രിസഭയിലെ രണ്ടാമാനായ നരോത്ത മിശ്ര ജലവിഭവത്തിനു പുറമെ, പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ചുമതലയുമുണ്ട്.
മാധ്യമങ്ങള്‍ക്ക് പണമൊന്നും നല്‍കിയിട്ടില്ലെന്നും അതിനു തെളിവില്ലെന്നും ഉത്തരവ് പഠിച്ച ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും മിശ്ര പറഞ്ഞു. അതേസമയം മന്ത്രി ഉടന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പഠിച്ച ശേഷമേ പ്രതകരിക്കൂയെന്ന് ബി.ജെ.പി വക്താവ് ദീപക് വിജയ്‌വര്‍ഗീയ പറഞ്ഞു.
 

Latest News