പരിയാരത്ത് നഴ്‌സിന്റെ കൈവിരലുകള്‍ ഡോക്ടര്‍ അടിച്ചു പൊട്ടിച്ചു

കണ്ണൂര്‍- പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍, നഴ്‌സിന്റെ കൈവിരലുകള്‍ അടിച്ചു പൊട്ടിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണമാരംഭിച്ചു. പരിക്കേറ്റ നഴ്‌സ് പോലീസില്‍ പരാതി നല്‍കാന്‍ തയാറായിട്ടില്ല. എന്നാല്‍ ഡോക്ടര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് പരിയാരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് യൂനിയന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്കു പരാതി നല്‍കി.
പരിയാരം മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ ഡോ.കുഞ്ഞമ്പുവാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ച് നഴ്‌സിന്റെ കൈവിരലുകള്‍ തല്ലി ഒടിച്ചത്. ഓപ്പറേഷന് ഉപയോഗിക്കുന്ന ഉപകരണം കൊണ്ട് നഴ്‌സിന്റെ കയ്യില്‍ അടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരുടെ രണ്ട് വിരലിലും പ്ലാസ്റ്റര്‍ ഇട്ടു. എന്നാല്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കാന്‍ ഇവര്‍ തയാറായിട്ടില്ല. പ്രത്യാഘാതം ഭയന്നാണ് പരാതി നല്‍കാന്‍ തയാറാവാത്തത്. ഇദ്ദേഹം നഴ്‌സുമാരെ അധിക്ഷേപിച്ചു സംസാരിക്കുന്നതും ആളുകളുടെ മുന്നില്‍ വെച്ച് അപമാനിക്കുന്നതും പതിവാണെന്ന് മെഡിക്കല്‍ കോളേജ് സ്റ്റാഫുകള്‍ പറയുന്നു.
സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡു ചെയ്ത് സമഗ്ര അന്വേഷണം നടത്തണമെന്നാണ് എംപ്ലോയീസ് യൂനിയന്‍ ആരോഗ്യ മന്ത്രിക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ വകുപ്പു മന്ത്രിയുടെ നിര്‍ദേശ പ്രകാരം ആശുപത്രി അധികൃതര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇയാളെ ഡ്യൂട്ടിയില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കയാണ്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് നിര്‍ദേശം.
             

 

Latest News