Sorry, you need to enable JavaScript to visit this website.

എണ്ണ വില ഉയർന്നു; ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി 

ഒമാൻ കടലിടുക്കിൽ സ്‌ഫോടനത്തിൽ ജപ്പാൻ എണ്ണ ടാങ്കറായ കൊകുക കറേജസിലുണ്ടായ കേടുപാടും (ഇടത്ത്)  ഒട്ടിച്ച നിലയിലുള്ള മൈനും. യു.എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട ചിത്രം. 

റിയാദ് / വാഷിംഗ്ടൺ- ഒമാൻ ഉൾക്കടലിൽ എണ്ണ കപ്പലുകൾക്കു നേരെ ആക്രമണം നടത്തിയത് ഇറാൻ തന്നെയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒമാൻ ഉൾക്കടൽ അടക്കപ്പെടില്ലെന്നും അടച്ചാൽ തന്നെ അത് കൂടുതൽ നീണ്ടുനിൽക്കില്ലെന്നും ട്രംപ് പറഞ്ഞു. 
വ്യാഴാഴ്ച നടന്ന ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആവർത്തിക്കുന്നതിനിടെ, മേഖല വീണ്ടും യുദ്ധ ഭീതിയിലേക്ക് നീങ്ങുകയാണ്. ആക്രമണത്തിനു പിന്നാലെ ആഗോള വിപണിയിൽ എണ്ണ വില ഉയർന്നു. ആരോപണം ഇറാൻ ശക്തമായി നിഷേധിക്കുന്നുണ്ടെങ്കിലും അമേരിക്കയും ഇറാനും തമ്മിൽ പുതിയ ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെടുമെന്നാണ് ഭയപ്പെടുന്നത്.  
നോർവീജിയൻ കപ്പലായ ഫ്രന്റ് അൾട്ടയറും ജപ്പാൻ എണ്ണ ടാങ്കറായ കൊകുക കറേജസും സ്‌ഫോടനങ്ങളുണ്ടായതിനെ തുടർന്ന് ഗൾഫ് രാജ്യങ്ങൾക്കും ഇറാനും ഇടയിലുള്ള സമുദ്രത്തിൽ ഉപേക്ഷിച്ചിരിക്കുകയാണ്. അഗ്നിബാധയുണ്ടാവുകയും ആകാശം മുട്ടെ പുക ഉയരുകയും ചെയ്ത ഫ്രന്റ് അൾട്ടയർ കപ്പലിലെ സ്‌ഫോടനത്തിന് മാഗ്നറ്റിക് മൈൻ ആകാം കാരണമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ടോർപിഡോ ഉപയോഗിച്ചാണ് ജപ്പാൻ കപ്പലായ കൊകുക കറേജസിനു നേരെ ആക്രമണമുണ്ടായതെന്നാണ് കരുതുന്നതെന്ന് കപ്പൽ ഉടമകളായ കമ്പനി പറഞ്ഞു. എന്നാൽ ടോർപിഡോ ഉപയോഗിച്ചല്ല ജപ്പാൻ കപ്പലിനു നേരെ ആക്രമണമുണ്ടായതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. 
ഹുർമുസ് കടലിടുക്കിനു സമീപം വെച്ചുണ്ടായ ആക്രമണങ്ങൾക്കു പിന്നാലെ ആഗോള വിപണിയിൽ എണ്ണ വില നാലു ശതമാനത്തോളം ഉയർന്നു. മധ്യപൗരസ്ത്യദേശത്തു നിന്നുള്ള എണ്ണ നീക്കം തടസ്സപ്പെട്ടേക്കുമെന്ന ഭീതി ഉടലെടുത്തിട്ടുണ്ട്. ഇതേ പ്രദേശത്തു വെച്ച് മെയ് 12 ന് നാലു എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഇറാനാണെന്ന് അമേരിക്ക പറയുന്നു. 

Latest News