Sorry, you need to enable JavaScript to visit this website.

വനിതകൾ നോക്കി നിൽക്കേ തടവരുത്; റെയിൽവേയിലെ മസാജിംഗ് പദ്ധതിക്കെതിരെ ബി.ജെ.പി എം.പി

ന്യൂദൽഹി- പ്രതിവർഷം 20 ലക്ഷം രൂപ അധികവരുമാനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ഓടുന്ന ട്രെയിനിൽ യാത്രക്കാരെ തടവാനുള്ള പദ്ധതി സംബന്ധിച്ച് ബിജെപിക്കുള്ളിൽ ഭിന്നത. ഇന്ത്യൻ റെയിൽവേ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മസാജ് സംവിധാനത്തെച്ചൊല്ലിയാണ് തർക്കം. വനിതകൾ നോക്കി നിൽക്കേ ട്രെയിനിൽ യാത്രക്കാരെ മസാജ് ചെയ്താൽ ഭാരതീയ സംസ്‌കാരത്തിന്റെ പാളം തെറ്റുമെന്നാണ് ബിജെപി എംപി ശങ്കർ ലാൽവാനി പറയുന്നത്. ഇക്കാര്യത്തിൽ തന്റെ രൂക്ഷമായ എതിർപ്പ് വ്യക്തമാക്കി ലാൽവാനി കഴിഞ്ഞ പത്താം തീയതി കേന്ദ്ര റെയിൽമന്ത്രി പിയൂഷ് ഗോയലിന് കത്തയക്കുകയും ചെയ്തു. 174 വർഷത്തെ പാരമ്പര്യമുള്ള ഇന്ത്യൻ റെയിൽവേയിലെ പുതിയ പരിഷ്‌കരണം ഇന്ത്യൻ സംസ്‌കാരത്തിന് തീരെ പിടിക്കുന്നതല്ലെന്നാണ് ലാൽവാനിയുടെ വാദം.
    ഇന്ത്യൻ സംസ്‌കാരം കണക്കിലെടുക്കുമ്പോൾ ഓടുന്ന ട്രെയിനിൽ വനിതകൾ നോക്കി നിൽക്കേ ഒരു യാത്രക്കാരനെ മസാജ് ചെയ്യുന്നത് തനിക്ക് ഉൾക്കൊള്ളാനാകില്ലെന്നാണ് ലാൽവാനി പറയുന്നത്. ട്രെയിനിൽ യാത്രക്കാർക്ക് ഡോക്ടർമാർ ഉൾപ്പടെ വൈദ്യ സഹായം ഏർപ്പാടാക്കാം. എന്നാൽ, മസാജിംഗ് പോലുള്ള മര്യാദകെട്ട പരിപാടികൾ അംഗീകരിക്കാനാകില്ലെന്നാണ് റെയിൽ മന്ത്രിക്കയച്ച കത്തിൽ ലാൽവാനി പറയുന്നത്. 
    ഓടുന്ന ട്രെയിനുകളിൽ മസാജിംഗ് ഏർപ്പെടുത്താനുള്ള തീരുമാനം തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തി എന്നു ചൂണ്ടിക്കാട്ടി ചില വനിത സംഘടനകൾ തന്നെ വന്നു കണ്ടിരുന്നു. അവർ നൽകി നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് താൻ റെയിൽവേ മന്ത്രിക്ക് കത്തെഴുതിയതെന്നും ഇൻഡോറിൽ നിന്നുള്ള എംപിയായ ലാൽവാനി പറഞ്ഞു. 
    എന്നാൽ, റെയിൽവേ അധികൃതർ വിശദീകരിച്ചത് അനുസരിച്ച് നിലവിൽ പ്രഖ്യാപിച്ച മസാജിംഗ് പദ്ധതിയിലൂടെ യാത്രക്കാർ ഒരു അടിമുടി മസാജിംഗ് പ്രതീക്ഷിക്കേണ്ടതില്ല. മറിച്ച്, കാലും തലയും മാത്രം തടവാനാണ് റെയിൽവേയുടെ പദ്ധതി. ഇതിനായി ഒരു സ്വാകാര്യ സംരംഭവുമായി റെയിൽവേ കരാർ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. പുതിയ പദ്ധതിയിലൂടെ റെയിൽവേക്ക് പ്രതിവർഷം 20 ലക്ഷം രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമേ മസാജ് ചെയ്യാനുള്ളവരും സ്വന്തം നിലയ്ക്ക് ടിക്കറ്റെടുത്താണ് ട്രെയിനുകളിൽ കയറേണ്ടത്. അതു വഴിയുളള വരുമാനം കൂടി റെയിൽവേക്ക് ലഭിക്കും. ഓരോ മസാജിനും യാത്രക്കാരിൽ നിന്ന് 100 രൂപ വീതമാണ് ഈടാക്കുന്നത്. രാത്രികാല യാത്രകളിൽ ഈ സേവനം ലഭ്യമാകുന്നതല്ല. 
    ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായണ് മസാജിംഗ് സേവനം ലഭ്യമാകുന്നത്. ഗോൾഡ് വിഭാഗത്തിന് 100 രൂപയാണ് നിരക്ക്. ഒലീവ് ഓയിലാണ് ഇതിൽ ഉപയോഗിക്കുന്നത്. 200 രൂപയുടെ മസാജാണ് ഡയമണ്ട് വിഭാഗം. 300 രൂപയാണ് ക്രീം ഉപയോഗിച്ചുള്ള പ്ലാറ്റിനം മസാജിന്. 15 മുതൽ 20 മിനിറ്റ് വരെയാണ് യാത്രക്കാരന് മസാജ് സേവനം ലഭിക്കുക.  
    രാജ്യത്തെ 39 ട്രെയിനുകളിലാണ് ആദ്യം മസാജിംഗ് സംവിധാനം ഏർപ്പെടുത്തുന്നത്. ഇൻഡോറിൽ നിന്നു പുറപ്പെടുന്ന ഡെറാഡൂൺ-ഇൻഡോർ എക്‌സ്പ്രസ്, ന്യൂഡൽഹി- ഇൻഡോർ എക്‌സ്പ്രസ്, ഇൻഡോർ - അമൃത്സർ എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലും ഈ സേവനം ലഭ്യമാകും. 

Latest News