പാലക്കാട്- വാഹന പരിശോധനക്കിടെ ഒരു കിലോ 200 ഗ്രാം സ്വര്‍ണവുമായി രണ്ട്് യുവാക്കളെ എക്സൈസ് സ്പെഷ്യല്‍ സ്വകാഡ് പിടികൂടി. വയനാട് മൂപ്പെനാട് പാലപ്പെട്ടി അബ്ദുല്‍ ജസീര്‍, കോഴിക്കോട് കാരന്തൂര്‍ അജിനാസ് എന്നിവരാണ് ദേശീയപാത കുരുടിക്കാട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടെ കാറില്‍ കടത്തിയ സ്വര്‍ണവുമായി പിടിയിലായത്.
ഗര്‍ഭനിരോധന ഉറകളില്‍ ദ്രാവക രൂപത്തിലുള്ള സ്വര്‍ണം നിറച്ച ശേഷം കറുത്ത ടേപ്പ് കൊണ്ട് പൊതിഞ്ഞിരുന്നു. അടിവസ്ത്രത്തിലുള്ള പ്രത്യേകഅറയിലും മറ്റുമാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഷാര്‍ജയില്‍ നിന്ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളം വഴിയാണ് സ്വര്‍ണം എത്തിച്ചത്. വയനാട്ടുകാരനായ അബ്ദുല്‍ ജസീര്‍ കഴിഞ്ഞ മാസം കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് ഷാര്‍ജയിലേക്ക് പോയത്. അബ്ദുുല്‍ ജസീറിനെ തിരുച്ചിറപ്പളളിയില്‍ നിന്ന് കൂട്ടി കൊണ്ടുവരാന്‍ കോഴിക്കോട് നിന്ന് വാഹനവുമായി പോയതാണ് അജിനാസ്.
അബ്ദുല്‍ജസീര്‍ വിമാനത്താവളം വഴി സ്ഥിരം സ്വര്‍ണം കടത്തിയതായി തെളിഞ്ഞിട്ടുണ്ട്. അറബി ഭാഷയില്‍ എഴുതിയ കുറിപ്പുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു. പ്രതികളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.