ജയ്പൂർ- ബി.ജെ.പി സർക്കാറിന്റെ കാലത്തെ സ്‌കൂൾ പുസ്തകങ്ങളിൽ മാറ്റം വരുത്തി രാജസ്ഥാൻ കോൺഗ്രസ് സർക്കാർ. പാഠപുസ്തകങ്ങളിലെ വീർ സവർക്കർ എന്നത് വിനായക് ദാമോദർ സവർക്കറായി സർക്കാർ മാറ്റി എഴുതി. ബി.ജെ.പി സർക്കാരിന്റെ കാലത്ത് നൽകിയിരുന്ന 'വീർ' ആണ് എടുത്തുമാറ്റിയത്. സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയതും പുസ്തകങ്ങളിൽ വിശദീകരിക്കുന്നു. ഹിന്ദു മഹാസഭയെ വർഗീയ ചിന്തകൾ ഉൽപ്പാദിപ്പിക്കുന്ന സംഘടന എന്നാണ് പരിചയപ്പെടുത്തുന്നത്. നേരത്തെ മുസ്‌ലിം സംഘടനകളുടെ പേര് മാത്രമേ വർഗീയ പാർട്ടികളുടെ പട്ടികയിൽ ഉണ്ടായിരുന്നുള്ളൂ. പുസ്തകത്തിലെ ജിഹാദ് എന്ന ഭാഗം ഒഴിവാക്കിയിട്ടുണ്ട്.
നോട്ട് നിരോധനത്തെ പ്രകീർത്തിച്ചുള്ള ഭാഗങ്ങളെല്ലാം നീക്കം ചെയ്തു. രാജസ്ഥാൻ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷനായി അച്ചടിച്ച പുസ്തകങ്ങൾ രാജസ്ഥാൻ സ്‌റ്റേറ്റ് ടെക്സ്റ്റ്ബുക്ക് ബോർഡാണ് പുറത്തിറക്കിയത്.
അശോക് ഗെഹ്‌ലോട്ട് സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ ടെക്സ്റ്റ്ബുക്ക് റിവ്യൂ കമ്മറ്റി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പുസ്തകങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്.