സന്ദര്‍ശക വിസ നല്‍കി ഏജന്റുമാര്‍ കബളിപ്പിക്കുന്നു; ജാഗ്രത പുലര്‍ത്തണമെന്ന് നോര്‍ക്ക

തിരുവനന്തപുരം- വിദേശകാര്യ വകുപ്പിന്റെ ഇ മൈഗ്രേറ്റ് വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത റിക്രൂട്ടിംഗ് ഏജന്‍സികള്‍ മുഖേന മാത്രമേ വിദേശ കുടിയേറ്റം നടത്താവൂയെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള (ഇ.സി.ആര്‍) പാസ്‌പോര്‍ട്ട് ഉടമകളായ തൊഴിലന്വേഷകര്‍ അനധികൃത ഏജന്റുമാരാല്‍ കബളിപ്പിക്കപ്പെടാതിരിക്കുവാനും തുടര്‍ ദുരിതങ്ങള്‍ ഒഴിവാക്കുവാനുമാണിത്.
അനധികൃത റിക്രൂട്ടിംഗ് ഏജന്റുകള്‍ നല്‍കുന്ന സന്ദര്‍ശക വിസ പ്രകാരമുള്ള കുടിയേറ്റം ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.
അനധികൃത വിദേശ റിക്രൂട്ട്‌മെന്റുകളെക്കുറിച്ച് നിരവധി മുന്നറിയിപ്പുകള്‍ നോര്‍ക്ക റൂട്ട്‌സ് നല്‍കിയിട്ടുണ്ടെങ്കിലും തൊഴിലന്വേഷകരെ ഏജന്റുമാര്‍ കബളിപ്പിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, കുവൈത്ത്, ലെബനോന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗത്ത് സുഡാന്‍, സുഡാന്‍, സൗദിഅറേബ്യ, യു.എ.ഇ, സിറിയ, തായ്‌ലാന്റ്, യെമന്‍ തുടങ്ങി 18  ഇ.സി.ആര്‍ രാജ്യങ്ങളിലേക്ക് തൊഴില്‍തേടി പോകുന്നവര്‍ക്ക്  കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇമൈഗ്രേറ്റ് വെബ്‌സൈറ്റ് മുഖേന തൊഴില്‍ കരാര്‍ നിര്‍ബന്ധമായിരിക്കെ, സന്ദര്‍ശക വിസ നല്‍കിയാണ് അനധികൃത ഏജന്റുമാര്‍ കബളിപ്പിക്കുന്നത്.
വിദേശതൊഴിലുടമ സന്ദര്‍ശക വിസ തൊഴില്‍ വിസയാക്കി നല്‍കുമെങ്കിലും  തൊഴില്‍ കരാര്‍  ഇ മൈഗ്രേറ്റ് സംവിധാനം വഴി തയ്യാറാക്കുന്നില്ല. ഇതിനാല്‍ തൊഴിലുടമ ഇവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുകയും പലര്‍ക്കും വേതനം, താമസം, മറ്റ് അര്‍ഹമായ ആനുകൂല്യങ്ങള്‍ എന്നിവ നിഷേധിക്കുകയും ചെയ്യുന്നു.
വിദേശ രാജ്യങ്ങളില്‍ കഷ്ടപ്പെടുന്ന പലരെയും ഇതിനകം ഇന്ത്യന്‍ എംബസിയുടെയും നോര്‍ക്ക റൂട്ട്‌സിന്റെയും സമയോചിതമായ ഇടപെടലിലൂടെ നാട്ടിലെത്തിച്ചിട്ടുണ്ട്.

 

Latest News