Sorry, you need to enable JavaScript to visit this website.

ഇറാനെതിരെ നിലപാട് കടുപ്പിച്ച് സൗദി; അന്താരാഷ്ട്ര സമൂഹം കടമ നിറവേറ്റണം

റിയാദ്- നാലു ദശകമായി ഇറാൻ ഭരണകൂടം മേഖലയിൽ മരണവും നാശവും വിതയ്ക്കുകയും അരാജകത്വം പ്രചരിപ്പിക്കുകയുമാണെന്ന് സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ഭീകരതയെ സ്‌പോൺസർ ചെയ്യുന്ന ഇറാൻ ഭരണകൂടം ഹൂത്തി മിലീഷ്യകൾ അടക്കമുള്ള ഭീകരർക്ക് സാമ്പത്തിക സഹായം നൽകുകയാണ്. അബഹ എയർപോർട്ട് ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ഹൂത്തി മിലീഷ്യയെ സൗദി അറേബ്യ ശക്തമായി നേരിടും.

ധാർമികതക്ക് നിരക്കാത്ത കുറ്റകൃത്യങ്ങൾ നടത്തുന്നത് ഇറാൻ തുടരുകയാണ്. ഭീകര മിലീഷ്യകളെ ചെറുക്കുന്നതിന് കർക്കശമായ മാർഗങ്ങൾ സൗദി അറേബ്യ അവലംബിക്കും. സൗദി അറേബ്യയുടെ സുരക്ഷക്കും താൽപര്യങ്ങൾക്കും കോട്ടം തട്ടിക്കാൻ ശ്രമിക്കുന്ന എല്ലാവരെയും ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.

ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്ന ഇത്തരം അപകടകരമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് ലോകത്ത് സമാധാനവും സുരക്ഷയും ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും കർത്തവ്യങ്ങൾ വഹിക്കണമെന്നും ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ആവശ്യപ്പെട്ടു. 

Latest News