Sorry, you need to enable JavaScript to visit this website.

ആരോഗ്യ മേഖലയിൽ  സൗദിവൽക്കരണം ഉയർന്നു

റിയാദ്- ആരോഗ്യ മേഖലയിൽ സൗദിവൽക്കരണം മൂന്നു ശതമാനത്തിലേറെ ഉയർന്നു. കഴിഞ്ഞ വർഷാവസാനത്തെ (1439) കണക്കുകൾ പ്രകാരം ആരോഗ്യ മേഖലയിൽ സൗദിവൽക്കരണം 47.2 ശതമാനമാണ്. തൊട്ടു മുൻ വർഷം ഇത് 44.1 ശതമാനമായിരുന്നു. ആരോഗ്യ മേഖലയിൽ സൗദി ജീവനക്കാരുടെ എണ്ണത്തിൽ 11.9 ശതമാനം പേരുടെ വർധനവുണ്ടായി. 
ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആരോഗ്യ മേഖലയിൽ ആകെ 4,42,700 ഓളം ജീവനക്കാരുണ്ട്. തൊട്ടു മുൻ വർഷം ആരോഗ്യ മേഖലയിലെ ആകെ ജീവനക്കാർ 4,23,900 ആയിരുന്നു. 
ഒരു വർഷത്തിനിടെ ജീവനക്കാരുടെ എണ്ണത്തിൽ 18,800 പേരുടെ വർധനവുണ്ടായി. ആരോഗ്യ മേഖലാ ജീവനക്കാരുടെ എണ്ണത്തിൽ 4.4 ശതമാനം വർധനവാണുണ്ടായത്. 
ആരോഗ്യ മേഖലയിൽ സൗദി ജീവനക്കാരുടെ എണ്ണത്തിൽ 22,300 ഓളം പേരുടെ വർധനവുണ്ടായി. ഇതേസമയം, വിദേശ ജീവനക്കാരുടെ എണ്ണത്തിൽ 3,500 ഓളം പേരുടെ കുറവ് രേഖപ്പെടുത്തി. ആരോഗ്യ മേഖലയിൽ വിദേശ ജീവനക്കാരുടെ എണ്ണത്തിൽ ഒന്നര ശതമാനത്തിന്റെ കുറവാണ് ഒരു വർഷത്തിനിടെ ഉണ്ടായത്. 
ആരോഗ്യ മേഖലയിൽ സൗദിവൽക്കരണം ഏറ്റവും കൂടുതൽ ആരോഗ്യ മന്ത്രാലയത്തിലാണ്, 66.5 ശതമാനം. ആരോഗ്യ മന്ത്രാലയത്തിൽ 1,52,200 ഓളം സൗദികൾ ജോലി ചെയ്യുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിൽ വിദേശ ജീവനക്കാർ 76,500 മാത്രമാണ്. മിലിട്ടറി ആശുപത്രികളിൽ സൗദിവൽക്കരണം 47.1 ശതമാനമാണ്. മിലിട്ടറി ആശുപത്രികളിൽ 41,800 സൗദികളും 46,900 വിദേശികളും ജോലി ചെയ്യുന്നു. സ്വകാര്യ ആരോഗ്യ മേഖലയിലാണ് സൗദിവൽക്കരണം ഏറ്റവും കുറവ്. സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം 12 ശതമാനം മാത്രമാണ്. സ്വകാര്യ ആശുപത്രികളിലും പോളിക്ലിനിക്കുകളിലും ക്ലിനിക്കുകളിലും 15,100 സൗദികളും 1,10,200 വിദേശികളും ജോലി ചെയ്യുന്നു. 
ഡോക്ടർമാർ, ദന്ത ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, മെഡിക്കൽ സപ്പോർട്ട് ജീവനക്കാർ എന്നീ അഞ്ചു വിഭാഗം ജീവനക്കാരാണ് ആരോഗ്യ മേഖലയിലുള്ളത്. ഇതിൽ ഫാർമസി മേഖലയിലാണ് സൗദിവൽക്കരണം ഏറ്റവും കുറവ്. 
ഫാർമസി മേഖലയിൽ 24.3 ശതമാനമാണ് സൗദിവൽക്കരണം. ഫാർമസി മേഖലയിൽ സ്വകാര്യ മേഖലയിൽ 6.4 ശതമാനവും മറ്റു സർക്കാർ വകുപ്പുകളിൽ 71.22 ശതമാനവും ആരോഗ്യ മന്ത്രാലയത്തിൽ 93.4 ശതമാനവുമാണ് സൗദിവൽക്കരണം. 
ഡോക്ടർമാർക്കിടയിൽ സൗദിവൽക്കരണം 31.8 ശതമാനമാണ്. സ്വകാര്യ മേഖലയിൽ 8.1 ശതമാനവും ആരോഗ്യ മന്ത്രാലയത്തിൽ 36.7 ശതമാനവും മറ്റു സർക്കാർ വകുപ്പുകളിൽ 51.3 ശതമാനവുമാണ് ഡോക്ടർമാർക്കിടയിൽ സൗദിവൽക്കരണം. 
ദന്ത ഡോക്ടർമാർക്കിടയിൽ സൗദിവൽക്കരണം 38.2 ശതമാനമാണ്. സ്വകാര്യ മേഖലയിൽ 15.5 ശതമാനവും മറ്റു സർക്കാർ വകുപ്പുകളിൽ 78.9 ശതമാനവും ആരോഗ്യ മന്ത്രാലയത്തിൽ 85.7 ശതമാനവുമാണ് ദന്ത ഡോക്ടർമാർക്കിടയിലെ സ്വദേശിവൽക്കരണം. നഴ്‌സിംഗ് മേഖലയിൽ സൗദിവൽക്കരണം 38.3 ശതമാനമാണ്. സ്വകാര്യ മേഖലയിൽ നഴ്‌സുമാരിൽ 4.9 ശതമാനവും മറ്റു സർക്കാർ വകുപ്പുകളിൽ 16.5 ശതമാനവും ആരോഗ്യ മന്ത്രാലയത്തിൽ 59.4 ശതമാനവും സൗദികളാണ്. മെഡിക്കൽ സപ്പോർട്ട് മേഖലാ ജീവനക്കാരിൽ സൗദിവൽക്കരണം 78 ശതമാനമാണ്. ഈ മേഖലയിൽ 96,900 സൗദികൾ ജോലി ചെയ്യുന്നുണ്ട്. ഈ മേഖലയിലെ വിദേശ ജീവനക്കാർ 27,400 മാത്രമാണ്. സ്വകാര്യ മേഖലയിൽ മെഡിക്കൽ സപ്പോർട്ട് ജീവനക്കാരിൽ 32.6 ശതമാനം സൗദികളാണ്. മറ്റു സർക്കാർ വകുപ്പുകളിൽ ഇത് 76.5 ശതമാനവും ആരോഗ്യ മന്ത്രാലയത്തിൽ 94.2 ശതമാനവുമാണ്. 
ആരോഗ്യ മേഖലയിൽ സൗദിവൽക്കരണം 2012-2013 വർഷത്തിൽ (ഹിജ്‌റ 1434) 40 ശതമാവും 2013-2014 വർഷത്തിൽ 42.3 ശതമാനവും 2014-2015 വർഷത്തിൽ 44 ശതമാനവും 2015-2016 വർഷത്തിൽ 43.5 ശതമാനവും 2016-2017 വർഷത്തിൽ 44.1 ശതമാനവുമായിരുന്നു.

 

Latest News