വരള്‍ച്ച രൂക്ഷം, വീട്ടിലിരുന്ന്  ജോലി ചെയ്താല്‍ മതിയെന്ന്  ഐ.ടി കമ്പനികള്‍ 

ചെന്നൈ-ഗുരുതര വരള്‍ച്ചയെ തുടര്‍ന്ന് ജീവനക്കാരോട് വീട്ടിലിരുന്നു ജോലി ചെയ്യാന്‍ ആവശ്യപ്പെട്ട് ചെന്നൈയിലെ ഐടി കമ്പനികള്‍. ഓഫീസിലെ ആവശ്യത്തിനു പോലും വെള്ളം ലഭിക്കാത്ത സാഹചര്യത്തെ തുടര്‍ന്നാണ് കമ്പനികള്‍ ഇത്തരത്തിലൊരു നിര്‍ദേശം പുറപ്പെടുവിച്ചത്. ചെന്നൈയില്‍ മഴ പെയ്തിട്ട് 200 ദിവസത്തിലെറെയായി, ഈ സാഹചര്യത്തില്‍ അടുത്ത് മൂന്ന് മാസത്തേക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ കുഴയുകയാണ് സര്‍ക്കാരും. ജല ദൗര്‍ലഭ്യത്തെ അടുത്ത മൂന്ന് മാസം എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് എല്ലാവരും.12 ഓളം ഐടി കമ്പനികളാണ് ജലദൗര്‍ലഭ്യത്തെ തുടര്‍ന്ന് ജീവനക്കാരോട് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈയിലെ മിക്ക പ്രദേശങ്ങളിലും ഭൂഗര്‍ഭജല വിതാനം ക്രമാതീതമായി താഴ്ന്നു. മഴ കുറച്ചിലിനപ്പുറം പ്രളയാനന്തര ജലസംരക്ഷണത്തിലുണ്ടായ വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയത്.വെള്ളത്തിനായി നെട്ടോട്ടമൊടുകയാണ് ചെന്നൈയൊന്നാകെ. ചെന്നൈയിലേക്ക് വെള്ളമെത്തിക്കുന്ന സെപ്രപാക്കം തടാകവും വരണ്ടുണങ്ങിയിരിക്കുകയാണിപ്പോള്‍.

Latest News