ഏഴാം ക്ലാസുകാരിക്ക് കാവലാളായി ബസ് കണ്ടക്ടര്‍; നന്ദി പറയാന്‍ വാക്കുകളില്ലാതെ അച്ഛന്‍

പത്തനംതിട്ട- ബസ് മാറിക്കയറിയ ഏഴാം ക്ലാസുകാരിയെ സുരക്ഷിതയായി പിതാവിന്റെ കയ്യിലേല്‍പിച്ച് ബസ് കണ്ടക്ടര്‍.
പാഴൂര്‍ മോട്ടോഴ്‌സിലെ സന്തോഷ് എന്ന കണ്ടക്ടറാണ് പത്തനംതിട്ട സ്വദേശി സന്തോഷ് കുര്യന്റെ ഏഴാം ക്ലാസില്‍ പഠിക്കുന്ന  മകള്‍ക്ക് കാവലാളായത്.
കോഴഞ്ചേരിയില്‍നിന്ന് ചെങ്ങന്നൂര്‍ ബസില്‍ കയറി ആറന്‍മുളയില്‍ ഇറങ്ങേണ്ട കുട്ടി പത്തനംതിട്ടക്കുള്ള സ്വകാര്യ ബസിലാണ് മാറിക്കയറിയത് .
കുട്ടി ബസ് മാറിയാണ് കയറിയതെന്ന കാര്യം അറിഞ്ഞതോടെ ബസില്‍ പകരം സംവിധാനമുണ്ടാക്കി കണ്ടക്ടര്‍  സന്തോഷ് അവളെയും കൊണ്ട് ഇലന്തൂരില്‍ ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് തന്റെ ഫോണില്‍നിന്ന് കുട്ടിയെ കൊണ്ട് പിതാവ് സന്തോഷ് കുര്യനെ വിളിപ്പിച്ചു.
ബസ് സ്‌റ്റോപ്പില്‍  കാത്തിരുന്ന്  സന്തോഷ് കുര്യന്‍ എത്തിയശേഷം കുട്ടിയെ സുരക്ഷിതയായി അദ്ദേഹത്തെ എല്‍പിച്ച ശേഷമാണ് കണ്ടക്ടര്‍ മടങ്ങിയത്.
ഇന്നെനിക്ക് മറക്കാത്ത ദിനമാണെന്ന് ഇക്കാര്യം പങ്കുവെച്ചുകൊണ്ട് സന്തോഷ് കുര്യന്‍  ഫെയ്‌സ് ബുക്കില്‍ പറഞ്ഞു.
പാഴൂര്‍ മോട്ടേഴ്‌സിനും അതിലെ ജീവനക്കാര്‍ക്കും ഹൃദയത്തില്‍ നിന്ന് ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകള്‍. സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ സ്‌റ്റോപ്പില്‍ ഇറക്കുകയോ മറ്റാരെയെങ്കിലും പറഞ്ഞ് ഏല്‍പിച്ചോ തങ്ങളുടെ ട്രിപ്പ് തുടരുകയാണ് പതിവ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ബസ് പറഞ്ഞു വിട്ട ശേഷം മകളേയും കൊണ്ട് എന്നെ കാത്തിരുന്ന ആ പ്രിയ സുഹൃത്തിനോട് അപ്പോഴത്തെ പ്രത്യേക മാനസികാവസ്ഥയില്‍ നന്ദി പറയാന്‍ കഴിഞ്ഞിരുന്നില്ല... പിന്നീട് ഫോണില്‍ വിളിച്ച് നന്ദി പറഞ്ഞപ്പോള്‍ ആ മനുഷ്യന്‍ എന്നോട് പറഞ്ഞത് എനിക്കും ഒരു മകളുണ്ട്. അത്രയേ ചിന്തിച്ചുള്ളൂ എന്നാണ്- സന്തോഷ് കുര്യന്റെ ഫെയ്‌സ് ബുക്ക്  കുറിപ്പില്‍ പറയുന്നു.

 

 

Latest News