Sorry, you need to enable JavaScript to visit this website.

രണ്ട് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട  സ്വര്‍ണ മാല ചാണകത്തില്‍ നിന്ന് തിരിച്ചു കിട്ടി 

കൊല്ലം-രണ്ട് വര്‍ഷം മുന്‍പാണ് തുടയന്നൂര്‍ തേക്കില്‍ സ്വദേശി ഇല്ല്യാസിന്റെ ഭാര്യയുടെ താലിമാല കാണാതാകുന്നത്. ദുരൂഹ സാഹചര്യത്തിലാണ് മാല കാണാതാകുന്നത്. സംഭവ സമയം അവരുടെപശു മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. അരിച്ചുപെറുക്കി നോക്കിയിട്ടും മാല കിട്ടാതിരുന്നതോടെ അഞ്ച് പവന്റെ സ്വര്‍ണ മാല അവര്‍ മറന്നു. പശുവിനേയും വിറ്റു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഫേസ്ബുക്കില്‍ വന്ന കുറിപ്പിനൊപ്പമാണ് തങ്ങളുടെ മാല ഇല്യാസ് കാണുന്നത്. അധ്യാപക ദമ്പതികളായ വയ്യാനം ഫജാന്‍ മന്‍സിലില്‍ ഷൂജ ഉള്‍ മുക്കിനും ഷാഹിനയ്ക്കുമാണ് ഇരുവരുടെയും മാല കിട്ടിയത്. ഇവര്‍ക്ക് മാല ലഭിച്ചത് ചാണകത്തില്‍ നിന്ന്. കൃഷി ആവശ്യത്തിനായി ഇവര്‍ ചാണകം വാങ്ങുന്ന പതിവുണ്ട്. വീടുകളില്‍ നിന്നും ചാണകം ശേഖരിച്ചു വില്‍പ്പന നടത്തുന്ന കരവാളൂര്‍ സ്വദേശി ശ്രീധരന്റെ കൈയ്യില്‍ നിന്ന് ആറ്  മാസം മുന്‍പ് ഇവര്‍ ചാണകം വാങ്ങിയിരുന്നു.
കൃഷിക്ക് എടുക്കുന്നതിനിടെ ജൂണ്‍ അഞ്ചിനാണ് ചാണകത്തില്‍ നിന്നും താലിയും മാലയും ദമ്പതികള്‍ക്ക് ലഭിക്കുന്നത്. താലിയില്‍ ഇല്യാസ് എന്ന് എഴുതിയിരുന്നു. തുടര്‍ന്നാണ് മാലയുടെ ഉടമയെ കണ്ടെത്തുന്നതിനായി ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നല്‍കിയത്. ഇത് കണ്ടതോടെയാണ് ഇല്യാസ് ഫോണില്‍ ഷൂജയുമായി ബന്ധപ്പെടുന്നത്.
രണ്ട് വര്‍ഷം മുന്‍പ് കാണാതായ മാലയാണിതെന്നും പശു വിഴുങ്ങിയതായി അന്നു തന്നെ സംശയം ഉണ്ടായിരുന്നെന്നും ഇല്യാസ് പറഞ്ഞു. ഇതിനിടെ പശുവിനെ ഇല്യാസ് വിറ്റു. പല കൈ മറിഞ്ഞു പശു ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല.

Latest News