കൊച്ചി- അധ്യാപകരുടെ പരീക്ഷാ ആള്‍മാറാട്ടം മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് ഹൈക്കോടതി. വിദ്യാര്‍ഥികള്‍ക്കു വേണ്ടി അധ്യാപകര്‍ പരീക്ഷ എഴുതിയത് വിദ്യാര്‍ഥികള്‍ അറിഞിട്ടുണ്ടോ എന്ന കാര്യം സംശയമാണെന്നും സ്‌കൂളിന്റെ സല്‍പേരു നിലനിര്‍ത്താന്‍ മാനേജ്‌മെന്റിന്റ ഒത്താശയോടെ നടന്ന കൃത്യമാണിതെന്നും കോടതി നിരീക്ഷിച്ചു.
കേസിലെ മുന്നാം പ്രതിയും പരീക്ഷാ നടത്തിപ്പു ചുമതല ഉണ്ടായിരുന്ന അധ്യാപകനുമായ പി.കെ. ഫസലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. അധ്യാപകനോട് 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.
അധ്യാപകന് ആള്‍മാറാട്ടത്തില്‍ വ്യക്തമായ പങ്കുണ്ടന്നും ഉത്തരക്കടലാസ് സേഫ് കസ്റ്റഡിയില്‍ സുക്ഷിക്കേണ്ട അധ്യാപകന്‍ തന്നെയാണ് രണ്ട് വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ മാറ്റിയെഴുതാന്‍ മറ്റ് പ്രതികള്‍ക്ക് സൗകര്യം ഒരുക്കിയതെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
കോഴിക്കോട് നീലേശ്വരം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് ഉത്തര പേപ്പര്‍ അധ്യാപകര്‍ മാറ്റി എഴുതിയെന്നാണ് കേസ്. പ്രിന്‍സിപ്പല്‍ കെ. റസിയ ഒന്നാം പ്രതിയും പരീക്ഷാ ചുമതലയുള്ള അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി. മുഹമ്മദ് രണ്ടാം പ്രതിയുമാണ്.