Sorry, you need to enable JavaScript to visit this website.

വാട്‌സാപ്പ് വീഴ്ച കണ്ടെത്തി; മണിപ്പൂരി എൻജിനീയർക്ക് പാരിതോഷികം 

വാട്‌സാപ്പ് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്ന അപാകത കണ്ടുപിടിച്ച മണിപ്പൂർ സ്വദേശിയായ സിവിൽ എൻജിനീയർ ഫേസ് ബുക്കിന്റെ ഹാൾ ഓഫ് ഫേം പട്ടികയിൽ ഇടം പിടിച്ചു. സോണൽ സൗഗാജിയമാണ് 94 പേരുള്ള 2019 ലെ ഹാൾ ഓഫ് ഫേം പട്ടികയിൽ പതിനാറാം സ്ഥാനത്തെത്തിയത്. 
ഫേസ് ബുക്ക് 5000 ഡോളർ (3.4 ലക്ഷം രൂപ) അയച്ചുതന്നതായും 22 കാരനായ സോണൽ വെളിപ്പെടുത്തി. 
വാട്‌സാപ്പിൽ വോയിസ് കോൾ വിളിക്കുമ്പോൾ എതിർഭാഗത്തുളളയാളുടെ അനുമതിയോ അറിവോ ഇല്ലാതെ വിളിക്കുന്നയാൾക്ക് വീഡിയോ കോളാക്കി മാറ്റാൻ സാധിക്കുന്ന അപാകതയാണ് മണിപ്പൂരി എൻജിനീയർ കണ്ടെത്തി കമ്പനിയെ അറിയിച്ചത്. സംസാരിച്ചുകൊണ്ടിരിക്കേ ഫോൺ സ്വീകരിച്ചയാൾ എന്തു ചെയ്യുന്നുവെന്ന് വിളിക്കുന്നയാൾക്ക് കാണാൻ ഇതുവഴി സാധിച്ചിരുന്നു. തീർച്ചയായും ഇത് ഫോൺ സ്വീകരിച്ചയാളുടെ പ്രൈവസിയുടെ ലംഘനമാണെന്ന് സോണൽ പറഞ്ഞു. അപാകത കണ്ടെത്തിയ ഉടൻ വാട്‌സാപ്പ് ഉടമകളായ ഫേസ് ബുക്കിന്റെ ബഗ് ബൗണ്ടി പ്രോഗ്രാമിലേക്ക് അറിയിക്കുകയായിരുന്നു. പ്രൈവസി ലംഘനങ്ങൾ കൈകാര്യം ചെയ്യുന്ന പ്രോഗ്രാമാണിത്. മാർച്ചിലാണ് താൻ കമ്പനിയെ അറിയിച്ചതെന്നും തൊട്ടടുത്ത ദിവസം തന്നെ ഫേസ്ബുക്ക് സെക്യൂരിറ്റി ടീം വീഴ്ച അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 15-20 ദിവസം കൊണ്ട് ഫേസ് ബുക്കിന്റെ സാങ്കേതിക വിഭാഗം അപാകത പരിഹരിക്കുകയും ചെയ്തു. 
തുടർന്ന് 5000 ഡോളർ പാരിതോഷികം നൽകുന്നതായി ഫേസ് ബുക്ക് ഇ-മെയിൽ വഴി സോണലിനെ അറിയിച്ചു.
2014 ഫെബ്രുവരിയിലാണ് 19 ബില്യൺ ഡോളർ നൽകി ഫേസ് ബുക്ക് ഉടമ മാർക്ക് സക്കർബർഗ് മെസേജിംഗ് ആപ്പായ വാട്‌സാപ്പ് സ്വന്തമാക്കിയത്. 


 

Latest News