കോയമ്പത്തൂരില്‍ ഐ.എസ് ഘടകം; എന്‍.ഐ.എ കേസെടുത്തു, കേരളത്തിലും ആക്രമണത്തിന് പദ്ധതിയിട്ടു

കൊച്ചി- കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ട ആറംഗ ഐ.എസ് സംഘത്തിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേസെടുത്തു. ഐ.എസ്  കോയമ്പത്തൂര്‍ ഘടകത്തിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സഹ്്‌റാന്‍ ഹാഷിമുമായി ഈ ഘടകത്തിന് ബന്ധമുണ്ടെന്ന് എന്‍.െഎ.എ കണ്ടെത്തി. ഐ.എസ്  തമിഴ്‌നാട് ഘടകം രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ മുഹമ്മദ് അസറുദീന്റെ ഫേസ്ബുക്ക് സുഹൃത്താണ് സഹ്‌റാന്‍ ഹാഷിം. കോയമ്പത്തൂരിലെ ഏഴ് കേന്ദ്രങ്ങളില്‍ കൊച്ചിയില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നുമുള്ള എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
മുഹമ്മദ് അസറുദീന്‍, പോത്തന്നൂര്‍ നഞ്ചുണ്ടാപുരം സ്വദേശി ടി. അസറുദീന്‍, സൗത്ത് ഉക്കടം അല്‍അമീന്‍ കോളനി സ്വദേശി ഷെയ്ക് ഹിദായത്തുല്ല, കണിയാമുത്തൂര്‍ സ്വദേശി എം. അബൂബക്കര്‍, കരിമ്പുകടൈ ആസാദ്‌നഗര്‍ സദാം ഹുസൈന്‍, മനിയത്തോട്ടം ഇബ്രാഹിം ഷാഹിന്‍ എന്നിവരെയാണ് എന്‍.ഐ.എ പ്രതി ചേര്‍ത്ത് ചോദ്യം ചെയ്തത്.
സംശയമുള്ള ഏതാനും പേര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മുഹമ്മദ് അസറുദീനുമായി ബന്ധപ്പെട്ടിരുന്ന ഏതാനും മലയാളി യുവാക്കള്‍ക്കായും എന്‍.ഐ.എ അന്വേഷണം തുടരുകയാണ്. ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ ഇന്ത്യന്‍ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് തമിഴ്‌നാട്ടിലും കേരളത്തിലും ആക്രമണം നടത്തുന്നതിനു പദ്ധതിയിട്ട ഐ.എസിന്റെ കോയമ്പത്തൂര്‍ ഘടകത്തെക്കുറിച്ച് എന്‍.ഐ.എയ്ക്ക് വിവരം ലഭിക്കുന്നത്. ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും കണ്ടെത്തി. തുടര്‍ന്നാണ് നടപടിയെടുത്തത്.

 

 

 

Latest News