ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങള്‍ പരസ്യമായി ഛേദിക്കണം-മധ്യപ്രദേശ് മന്ത്രി

ഭോപ്പാല്‍- ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങള്‍ ജനമധ്യത്തില്‍ വെച്ച് പരസ്യമായി ഛേദിക്കണമെന്ന വിവാദ നിര്‍ദേശവുമായി മധ്യപ്രദേശ് മന്ത്രി. സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രി ഇമര്‍തി ദേവിയാണ് ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.  ബലാത്സംഗത്തിനിരയായ എട്ടു വയസ്സുകാരിയെ വീട്ടിലെത്തി സന്ദര്‍ശിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
എട്ടു വയസ്സായ കുട്ടിയെ പോലും ബലാത്സംഗത്തിനിരയാക്കുന്ന കുറ്റവാളികളുടെ മൂക്കും ചെവികളും മറ്റവയവങ്ങളും ജനങ്ങളുടെ മധ്യത്തില്‍ വെച്ച് അരിഞ്ഞുകളയണം. ആര് തെറ്റു ചെയ്താലും കടുത്ത ശിക്ഷ നല്‍കണം. പൊതു സ്ഥലത്തുവെച്ച് വേണം ശിക്ഷ നല്‍കാന്‍. അങ്ങനെ ചെയ്താല്‍ ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്ന മറ്റുള്ളവര്‍ക്ക് അതൊരു പാഠമായിരിക്കും- മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വലിയ കോളനികള്‍ക്കു സമീപം പോലീസ് ബൂത്തുകള്‍ സ്ഥാപിക്കുമെന്നും ഇതിനായുള്ള പദ്ധതി മുഖ്യമന്ത്രി കമല്‍നാഥിനു സമര്‍പ്പിക്കുമെന്നും മന്ത്രി ഇമര്‍തി ദേവി പറഞ്ഞു.

 

Latest News