പ്രസവിച്ച് അര മണിക്കൂറിനകം  യുവതി പരീക്ഷ എഴുതി

ആഡിസ്അബാബ-തലേനാള്‍ നന്നായി ഉറങ്ങിയില്ലെങ്കില്‍ പരീക്ഷയ്ക്ക് ഹാളില്‍ പോയി ഉറക്കം തൂങ്ങി ക്ഷീണിച്ചിരിക്കുന്നവരാണ് നമ്മളില്‍ പലരും. പോരെങ്കില്‍ പരീക്ഷ നന്നായി എഴുതുകയുമില്ല. എന്നാല്‍, അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തയായിരിക്കുകയാണ് എത്തിയോപ്യയിലെ മെതു സ്വദേശിനിയായ യുവതി. പ്രസവിച്ച് അര മണിക്കൂറിന് ശേഷമാണ് അല്‍മാസ് ഡേറെസ് എന്നാ ഇരുപത്തിയൊന്നുകാരി പരീക്ഷ എഴുതാനാരംഭിച്ചത്. 
തിങ്കളാഴ്ചയായിരുന്നു അല്‍മാസിന്റെ  പ്രസവവും സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷയും. ശനിയാഴ്ച നടക്കേണ്ടിയിരുന്ന പരീക്ഷ പെരുന്നാളിനെ  തുടര്‍ന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. സെക്കന്‍ഡറി സ്‌കൂളോടെ പഠനമുപേക്ഷിക്കുന്നവരാണ് എത്തിയോപ്യയിലെ ഭൂരിഭാഗം പെണ്‍കുട്ടികളും.ഒരു വര്‍ഷം നഷ്ടപ്പെടുത്തി വീണ്ടും പഠനം പുനരാരംഭിക്കുകയും ചെയ്യും. എന്നാല്‍,  അങ്ങനെ ചെയ്യാന്‍ അല്‍മാസിന് താല്‍പര്യമുണ്ടായിരുന്നില്ല. 
ഒരു വര്‍ഷം പോലും നഷ്ടപ്പെടുത്താതെ പഠനം തുടരാനാണ്  അല്‍മാസിന്റെ  തീരുമാനം. ഇംഗ്ലീഷ്, എത്തിയോപ്യയുടെ ഔദ്യോഗിക ഭാഷയായ അംഹാറിക്, കണക്ക് എന്നിങ്ങനെ മൂന്ന് പരീക്ഷകളാണ് ആശുപത്രിയില്‍ വച്ച് അല്‍മാസ് എഴുതിയത്. നാളെയും മറ്റന്നാളുമായി നടക്കുന്ന മറ്റ് പരീക്ഷകള്‍ക്കായി അല്‍മാസ് പരീക്ഷ ഹാളില്‍ തന്നെയെത്തും. 

Latest News