ഈരാറ്റുപേട്ട: ഈരാറ്റുപേട്ടക്കും മുസ്‌ലിം സമുദായത്തിനുമെതിരെ ഫോണിൽ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ ഖേദ പ്രകടവുമായി പി.സി. ജോർജ് എം.എൽ.എ. കഴിഞ്ഞ മാസമാണ് ഓസ്‌ട്രേലിയയിൽനിന്നെന്ന് പറഞ്ഞ് ഫോൺ വിളിച്ച വ്യക്തിയോട് ഈരാറ്റുപേട്ടക്കാർക്കെതിരെ വർഗീയതയും തീവ്രവാദവും ആരോപിച്ച് പി.സി. ജോർജ് സംഭാഷണം നടത്തിയത്. തുടർന്ന് വലിയ വിവാദമുണ്ടാവുകയും സംഭവത്തിൽ പ്രതിഷേധിച്ചും പി.സി. ജോർജിന്റെ രാജി ആവശ്യപ്പെട്ടും അദ്ദേഹത്തിന്റെ വസതിയിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾ അരങ്ങേറുകയും ചെയ്തിരുന്നു. വിവിധ പാർട്ടികളുടേയും മഹല്ല് കമ്മിറ്റികളുടേയും നേതൃത്വത്തിലായിരുന്നു വിവിധ പരിപാടികൾ.

നാലു പതിറ്റാണ്ടുകാലമായി ഈരാറ്റുപേട്ടക്കും മുസ്ലിം സഹോദരങ്ങൾക്കും വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന തന്നെ രാഷ്ട്രീയ തീരുമാനത്തിന്റെ പേരിൽ ഒറ്റപ്പെടുത്തുകയും കല്യാണങ്ങൾ ഉൾപ്പെടെയുള്ള പരിപാടികളിൽനിന്ന് ബഹിഷ്‌കരിക്കുകയാണെന്നും ഇതിൽ വേദനയുണ്ടെന്നും പി.സി. ജോർജ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തന്നെ ഫോൺ ചെയ്തയാൾ നിരവധി തവണ വിളിക്കുകയും പിന്നീട് പറഞ്ഞ കാര്യങ്ങൾ മത വിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചരിപ്പിക്കുകയുമായിരുന്നു. ഈ സംഭാഷണത്തിൽ പറഞ്ഞ കാര്യങ്ങൾ ഇസ്ലാം സമൂഹത്തിലെ വലിയ ജനവിഭാഗത്തിന് ദുഃഖവും അമർഷവുമുണ്ടാക്കിയെന്നും മനസ്സിലാക്കുകയും മനോവിഷമത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നതായി പത്രക്കുറിപ്പിൽ പറഞ്ഞു.






