ന്യൂദൽഹി- തനിക്കെതിരായ കേസിലെ സാക്ഷികളെ വിളിച്ചുവരുത്തണമെന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കടുത്ത വിമർശകനുമായ സഞ്ജീവ് ഭട്ടിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഒരു കസ്റ്റഡിമരണക്കേസുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയാണു തള്ളിയത്. 1989-ലെ കേസിലെ സാക്ഷികളെ വിളിച്ചുവരുത്തണമെന്ന ആവശ്യമാണ് സഞ്ജീവ് ഭട്ട് ഉന്നയിച്ചിരുന്നത്. ജസ്റ്റിസ് ഇന്ദിര ബാനർജി, അജയ് റസ്‌തോഗി എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഈ കേസിൽ അന്തിമ വിധി പ്രസ്താവം കഴിഞ്ഞതാണെന്നും ഇനി പുനപരിശോധന സാധ്യമല്ലെന്നും ഗുജറാത്ത് സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷൻ മനീന്ദർ സിംഗ് വാദിച്ചു. കേസിലെ പതിനൊന്ന് സാക്ഷികളെ കൂടി വിസ്തരിക്കണം എന്നായിരുന്നു ഭട്ടിന്റെ ആവശ്യം. വേറൊരു കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് 2018 സെപ്റ്റംബർ 22 മുതൽ സഞ്ജീവ് ഭട്ട് ജയിലിലാണ്. രാജസ്ഥാൻകാരനായ അഭിഭാഷകനെ ലഹരിമരുന്നുകേസിൽ കുടുക്കിയെന്ന കേസിലാണ് സഞ്ജീവ് ജയിലിൽക്കഴിയുന്നത്. ബനസ്‌കന്ദയിൽ ഡി.സി.പിയായിരുന്ന സമയത്ത് 1998ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
2002ലെ ഗുജറാത്ത് കലാപത്തിന്റെ പേരിൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരിൽ 2015ലാണ് ഭട്ടിനെ സർവീസിൽനിന്ന് പുറത്താക്കിയത്. 2002ലെ കലാപം തടയാൻ മോഡി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.






